ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയായ പുന്നപ്ര സ്വദേശിനി ഉഷയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ പ്രതിഷേധിക്കുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ വാർത്ത നല്‍കിയത് ക്വട്ടേഷൻ പ്രവർത്തനമാണെന്നും സ്വരാജ് പറഞ്ഞു.കേരളത്തിലെ ആരോഗ്യ മേഖല ലോകോത്തരമായി വളർന്നുവന്ന കാലമാണ് ഈ കാലമെന്ന് സ്വരാജ് പറഞ്ഞു.
എന്തിനാണ് പ്രതിഷേധമെന്ന് ചോദിച്ച സ്വരാജ്, എവിടെയോ ഒരാള്‍ ഓപ്പറേഷൻ ചെയ്തപ്പോള്‍ വയറിനുള്ളില്‍ കത്രിക പോയി, എന്നാണ് കത്രിക പോയതെന്ന് നമ്മള്‍ ആരും അന്വേഷിച്ചിട്ടില്ല, അതൊരു അബദ്ധം, ചികിത്സ പിഴവാണ്, അത് എവിടെയും എപ്പോഴും സംഭവിക്കാമെന്നും സ്വരാജ് പറഞ്ഞു.ഏതെങ്കിലും ഒരു ഡോക്ടർ കിടക്കട്ടെ വയറ്റില്‍ ഒരു കത്രിക എന്ന് വെച്ച് കൊടുത്തതായിരിക്കുമോ, എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക. സാധാരണ ചിന്താഗതിയുള്ള മനുഷ്യന് മനസിലാകില്ലേ.
അതൊരു അബദ്ധം പറ്റിയതാണ്.അത് എവിടെയും എപ്പോഴും സംഭവിക്കാം. ലോകത്തിന്റെ പല ഭാഗത്ത് നിന്നും ഇത്തരം വാർത്തകള്‍ വരാറുണ്ട്. അത് ന്യായീകരിക്കാൻ ആരെങ്കിലും തയാറാകുമോ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. അത് സംബന്ധിച്ച് പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നേ പറയാൻ പറ്റൂവെന്നും സ്വരാജ് വ്യക്തമാക്കി.

















