പ്രതിപക്ഷ നേതാവ് ‘വി ഡി സതീശന്‍റെ നുണകള്‍’ എന്ന പേരില്‍ മത്സരം നടത്തി ഡിവൈഎഫ്‌ഐ. സംഘടനയുടെ എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സതീശൻ പറഞ്ഞ നുണകള്‍ – നുണപറയല്‍ മത്സരം സംസ്ഥാന പ്രസിഡന്‍റ് വി വസീഫ് ഉദ്ഘാടനം ചെയ്തു. രണ്ട് മിനുട്ടില്‍ സതീശൻ പറഞ്ഞ പരമാവധി നുണകള്‍ തുറന്നുകാട്ടുന്നതായിരുന്നു മത്സരമെന്നാണ് ഡിവൈഎഫ്‌ഐ നേതൃത്വം പറയുന്നത്.
രണ്ട് മിനിറ്റ് കൊണ്ട് സതീശന്‍റെ 11 നുണകള്‍ എണ്ണിപ്പറഞ്ഞ് മഹാരാജാസ് വിദ്യാർത്ഥി സഫ്വാൻ ഒന്നാമതും 10 നുണകള്‍ ചൂണ്ടിക്കാണിച്ച അഥീന രണ്ടാമതുമെത്തിയെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. നേരത്തെ, സതീശന്‍റെ നുണകള്‍ എന്ന പേരില്‍ ഇടത് സൈബര്‍ പോരാളികള്‍ ഫേസ്ബുക്ക് പേജ് ആരംഭിച്ചിരുന്നു. ‘സതീശൻ ടോക്സ്: നുണ പറയാതൊരു ദിവസമില്ലെനിക്കീ ഭൂമിയില്‍’ എന്നാണ് പേജിന്‍റെ ബയോയില്‍ കുറിച്ചിട്ടുള്ളത്. യാതൊരു ഉളുപ്പുമില്ലാതെ നിരന്തരം പച്ചക്കള്ളം മാത്രം പറയുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ യഥാര്‍ത്ഥ മുഖം പൊതുജനത്തിന് മുന്നില്‍ തുറന്നുകാണിക്കുക എന്നതാണ് ലക്ഷ്യമെന്ന് പേജില്‍ അഡ്മിൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ദേശീയ മാധ്യമങ്ങൾ അടക്കം നടത്തുന്ന സർവ്വേകളിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഏറ്റവും അധികം ജനങ്ങൾ താൽപര്യപ്പെടുന്നത് വി ഡി സതീശനെ ആണെന്നാണ് കണ്ടെത്തൽ. മുഖ്യമന്ത്രി പിണറായി വിജയൻ പോലും പ്രതിപക്ഷ നേതാവിന് പിന്നിലാണ്. ഇത് സിപിഎമ്മിനെ വിറളി പിടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ടുള്ള വ്യക്തിപരമായ കടന്നാക്രമണം പാർട്ടിയുടെയും യുവജന സംഘടനകളുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. എന്നാൽ സതീശന് കിട്ടുന്ന ജനപിന്തുണ ഇവരുടെ നീക്കങ്ങൾ നിഷ്പ്രഭം ആകുന്നു എന്നതിൻറെ കൃത്യമായ സൂചനയാണ്.

















