സംസ്ഥാനത്ത് യുഡിഎഫ് ഇക്കുറി തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത്. നൂറ് സീറ്റിലധികം നേടി അധികാരം പിടിക്കാമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസിൻ്റെ നീക്കങ്ങൾ. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുക എന്ന തന്ത്രമാണ് സ്വീകരിക്കുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി , പ്രിയങ്കാ ഗാന്ധി എം പി , കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ പ്രചാരണത്തിനെത്തും .രാഹുല്‍ ഗാന്ധി തന്നെയാകും പരസ്യ പ്രചാരണത്തെ മുന്നില്‍ നിന്ന് നയിക്കുക.
കോണ്‍ഗ്രസിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൻ്റെ ചുക്കാൻ പിടിക്കുക മൂവർ സംഘമാണ്. എ ഐ സി സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രചാരണ സമിതിയുടെ തലവൻ രമേശ് ചെന്നിത്തല , പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുക. ആരാകും മുഖ്യമന്ത്രി എന്ന് മുൻ കൂട്ടി പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കാം എന്നതാണ് കോണ്‍ഗ്രസിൻ്റെ നയം.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കല്പിക്കുന്ന നേതാവാണ്. പ്രചാരണ സമിതി തലവൻ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയാകാൻ യോഗ്യനാണ് .എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകാനുള്ള സാധ്യത തള്ളിക്കളയാൻ പാടില്ല. ഹൈക്കമാൻഡിൻ്റെ പിന്തുണ ,നിയമസഭാ കക്ഷിയിലെ അംഗങ്ങളുടെ പിന്തുണ ഇതൊക്കെ കെ.സിക്ക് അനുകൂലമാകാൻ സാധ്യതയുണ്ട്. എന്നാല്‍ എല്ലാ വിഷയവും പിന്നീട് ഉചിതമായ സമയത്ത് ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന നിലപാടാണ് ഇപ്പോള്‍ ഹൈക്കാൻഡ് സ്വീകരിക്കുന്നത്

















