സർ‍ക്കാർ സ്കൂളില്‍ വിദ്യാർത്ഥികള്‍ക്കായി ഉച്ചഭക്ഷണ പദ്ധതി സർക്കാർ ആരംഭിച്ചിരുന്നു. വിദ്യാർത്ഥികള്‍ക്ക് ക‍ൃത്യമായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായിരുന്നു ഈ പദ്ധതി.എന്നാല്‍, കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഒരു സ്കൂളില്‍ നിന്നും പുറത്ത് വന്ന വീഡിയോ കാഴ്ചക്കാരെ അക്ഷരാർത്ഥത്തില്‍ ഞെട്ടിച്ചു.

യുപിയിലെ മഹോബ ജില്ലയിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലെ 50 ഓളം വിദ്യാർത്ഥികള്‍ക്ക് പാല്‍ നല്‍കിയത് മലിനജലത്തില്‍ കലർത്തി. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉച്ചഭക്ഷണ പദ്ധതി

മഹോബ ജില്ലയിലെ കബ്രായ് ബ്ലോക്കിലെ ദിക്വാഹ ഗ്രാമത്തിലെ സ്കൂളിലാണ് ഇത്തരമൊരു സംഭവം നടന്നത്. പദ്ധതി പ്രകാരം വിദ്യാർത്ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ സർക്കാർ നിർദ്ദേശിച്ച മാദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. ഓരോ കുട്ടിക്കും 200 മില്ലി ശുദ്ധമായ പാലും പഴകാത്ത പാകം ചെയ്ത ഭക്ഷണവും നല്‍കണമെന്നാണ് നിയം. എന്നാല്‍, ഇവിടെ അത്തരമൊരു നിയമവും പാലിക്കപ്പെട്ടില്ല.

മുക്കാല്‍ ബക്കറ്റ് മലിന ജലം

‘യുപി ഉച്ചഭക്ഷണത്തിലേക്ക് സ്വാഗതം’ കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ കുട്ടികള്‍ക്ക് കൊടുക്കാനുള്ള രണ്ട് കവർ അമുല്‍ പാല്‍ ഒരു സ്റ്റീല്‍ ബക്കറ്റിലെ വെള്ളത്തില്‍ ഒഴിച്ച്‌ നേർപ്പിക്കുന്നു. സ്റ്റീല്‍ ബക്കറ്റിലെ വെള്ളം മലിനമാണെന്ന് കാഴ്ചയില്‍ തന്നെ വ്യക്തം. പാത്രത്തിലെ വെള്ളം കലങ്ങിയിരിക്കുന്നത് കാണാം. ഏതാണ്ട് മുക്കാല്‍ ബക്കറ്റോളം വെള്ളത്തിലേക്ക് രണ്ട് കവ‍ർ പാലാണ് പൊട്ടിച്ച്‌ ഒഴിച്ചത്. ഇത് തിളപ്പിക്കുക പോലും ചെയ്യാതെ അതേ പടി കുട്ടികള്‍ക്ക് കുടിക്കാൻ കൊടുക്കുന്നതും വീഡിയോയില്‍ കാണാം. മഹോബയിലെ സ്കൂള്‍ സ്റ്റാഫ് കുട്ടികളുടെ ജീവന്‍ വച്ച്‌ കളിക്കുകയാണെന്നും ഇത് പാല്‍ വെള്ളവുമായി കലർത്തുകയല്ല. മറിച്ച്‌ വെള്ളത്തിലേക്ക് പാല്‍ തളിക്കുകയാണ്. കുട്ടികളെങ്ങനെ ആരോഗ്യമുള്ളവരാകുമെന്ന ചോദ്യത്തോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

ഭാവി തലമുറയോടുള്ള അക്രമം

വീഡിയോ നിരവധി പേർ പങ്കുവച്ചു. പിന്നാലെ യുപിയിലെ വിദ്യാഭ്യാസ രംഗത്തെ കുറിച്ചും കുട്ടികളുടെ ഭക്ഷണ പദ്ധതികളെ കുറിച്ചും നിരവധി പേർ കുറിപ്പുകളെഴുതാനെത്തി. സ‍ർക്കാർ ഇക്കാര്യത്തില്‍ നടപടിയെടുക്കുമോ എന്നതാണ് പ്രധാനമെന്ന് ഒരു കാഴ്ചക്കാരനെഴുതി. ഇത് അഴിമതിയല്ല, മറിച്ച്‌ രാജ്യത്തിന്‍റെ ഭാവിയുടെ നേർക്കുള്ള നേരിട്ടുള്ള അക്രമണമാണെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. ‘എത്ര ഭയാനകമാണിത്? മാതൃരാജ്യത്തിലെ കുട്ടികളോട് എന്തിനാണ് ഇത്രയധികം വെറുപ്പ്? കാരണം മിക്ക കുട്ടികളും എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍ പെട്ടവരാണ്. ഇന്ത്യയുടെ ഭാവി തലമുറ മാനസികമായും ശാരീരികമായും ദുർബലരാകും.’ എന്ന് മറ്റൊരു കാഴ്ചക്കാരൻ അസ്വസ്ഥനായി. വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ സ്കൂളിലെ ടീച്ചർ ഇൻ ചാർജ്ജായ മോണികാ സോണിയെ സസ്പെന്‍റ് ചെയ്തെന്ന് മഹോബ ബേസിക് ശിക്ഷാ അധികാരി രാഹുല്‍ മിശ്ര അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക