നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി മത്സരത്തിനിറങ്ങുമോ, ജോസ് മത്സരിക്കാൻ തീരുമാനിച്ചാൽ ഏതു മണ്ഡലത്തിൽ ആയിരിക്കും എന്നിങ്ങനെ ഉള്ള സംശയങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമായിരുന്നു. എന്നാൽ പാലായിൽ ഇടതു സ്ഥാനാർത്ഥിയായി ജോസ് കെ മാണി തന്നെ മത്സരിക്കുവാൻ പോകുന്നു എന്നത് സ്ഥിരീകരിച്ചുകൊണ്ട് ജോസിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്ന ബോർഡുകൾ ഔദ്യോഗികമായി പാർട്ടി തന്നെ ഇപ്പോൾ പാലാ നഗരത്തിൽ ഉയർത്തിയിരിക്കുകയാണ്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ ട്രേഡ് യൂണിയൻ വിഭാഗമായ കെ ടി യു സിയുടെ പേരിൽ അടിച്ച കൂറ്റൻ ബോർഡ് ആണ് പാലാ ഞൊണ്ടിമാക്കൽ കവലയിൽ ഉയർത്തപ്പെട്ടിരിക്കുന്നത്.
ജോസ് കെ മാണിയുടെ ഫുൾ ചിത്രമാണ് ബോർഡിൽ അച്ചടിച്ചിരിക്കുന്നത്. പാലാ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയെ വിജയിപ്പിക്കുക എന്ന ആഹ്വാനമാണ് ബോർഡിൽ ഉള്ളത്. നമ്മുടെ ചിഹ്നം എന്ന തലക്കുറിപ്പോടെ രണ്ടിലയുടെ പടവും ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള കോൺഗ്രസ് സ്ഥാനാർത്ഥി എന്നല്ല എൽഡിഎഫ് സ്ഥാനാർത്ഥി എന്നാണ് ജോസിനെ വിശേഷിപ്പിച്ചിരിക്കുന്നത് എന്നതും ചുവപ്പ് ബാക്ഗ്രൗണ്ടിലാണ് ബോർഡ് സെറ്റ് ചെയ്തിരിക്കുന്നത് എന്നും ഇടത് ഐഡൻറിറ്റി ഉറപ്പിക്കാനുള്ള മാണി ഗ്രൂപ്പിൻറെ വ്യക്തമായ ശ്രമങ്ങളുടെ സൂചനയായും വിലയിരുത്താം.
ഇടതുമുന്നണിയുടെ പ്രചരണാർത്ഥം നടത്തുന്ന മധ്യമേഖല റാലിയുടെ ക്യാപ്റ്റനും ജോസ് കെ മാണിയാണ്. ഫെബ്രുവരി ആറിനാണ് റാലി തുടങ്ങുന്നത്. ഈ റാലിയുടെ പ്രചരണാർത്ഥം പാലാ ഉൾപ്പെടെ കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ജോസ് കെ മാണിയുടെയും പിണറായി വിജയൻറെയും ചിത്രങ്ങൾ അച്ചടിച്ച ആയിരക്കണക്കിന് ബോർഡുകളും ഇപ്പോൾ തന്നെ സ്ഥാപിച്ചിട്ടുണ്ട്. പിണറായി വിജയൻറെ കരുത്തനായ അനുയായിയായി ജോസ് തുടരുമെന്ന രാഷ്ട്രീയ സന്ദേശം കൂടിയാണ് ഈ ബോർഡുകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. എന്നാൽ ഇത്തരം നീക്കങ്ങളെ ആശങ്കയോടുകൂടി നോക്കിക്കാണുന്ന ഒരു വിഭാഗവും കേരള കോൺഗ്രസ് പാർട്ടിയിൽ തന്നെയുണ്ട്. പിണറായി വിജയൻറെ വക്താവായി ജോസ് കെ മാണി മാറിയാൽ പാർട്ടി ചെയർമാന്റെ തുടർ പരാജയത്തിനാകും അതു വഴിവെക്കുക എന്ന ചിന്തയാണ് ഇവരെ ആശങ്കപ്പെടുത്തുന്നത്.

















