നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോള്‍ പല മണ്ഡലങ്ങളിലും പ്രമുഖ സ്ഥാനാർത്ഥികള്‍ക്കടക്കം പാരയായി അപരൻമാരുടെ അപാരത. അമ്പലപ്പുഴയില്‍ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരന്റെ അപരൻ പാതിരപ്പള്ളി ചെട്ടികാട് സ്വദേശി സുധാകരനാണെങ്കില്‍ ഹരിപ്പാട്ട് രമേശ് ചെന്നിത്തലയ്ക്കെതിരെ ചെന്നിത്തല സ്വദേശി രമേശ്.സിയും ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അപരനായി എ.എ.വിജയനും പത്രിക നല്‍കി.ബേപ്പൂരില്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ രണ്ട് അപരന്മാരുണ്ട്യ മുഹമ്മദ് റിയാസ് പി.സി, മുഹമ്മദ് റിയാസ് പി.ടി. പി.വി.അൻവറിനെതിരെ നാല് അപരന്മാർ- അൻവർ, അൻവർ മൊയ്ദ്ദീൻ, അൻവർഅലി, അൻവർ എൻ.എം. ഒറ്റപ്പാലത്ത് യു.ഡി.എഫ് സ്വതന്ത്രൻ പി.കെ.ശശിക്ക് പി.കെ.ശശി എന്നപേരില്‍ തന്നെ അപരൻ.
മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി എ.കെ.എം അഷറഫിന്റെ അപരന്മാർ മുഹമ്മദ് അഷറഫ്, മുഹമ്മദ് അഷറഫ് കെ.എ. ഇവിടെ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി കെ.എം.അഷ്റഫും പത്രിക നല്‍കി. പൊന്നാനിയില്‍ എല്‍.ഡി.എഫിലെ എം.കെ.സക്കീറിന് മൂന്ന് അപരന്മാർ. സക്കീർ എന്നപേരില്‍ രണ്ടുപേർ. സഗീർ എന്നപേരില്‍ ഒരാള്‍. താനൂരില്‍ യു.ഡി.എഫിലെ പി.കെ.നവാസിന്റെ അപരൻ വാണിയമ്പലം സ്വദേശി നവാസ്. വൈക്കത്ത് സി.പി.ഐയിലെ പി.പ്രദീപിന്റെ അപരൻ പ്രദീപ്. പൂഞ്ഞാറില്‍ കേരളകോണ്‍ഗ്രസ് (എം) സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അപരൻ സെബാസ്റ്റ്യൻ കെ.ജെ.കുളത്തുങ്കല്‍.
പേരാവൂരില്‍ കോണ്‍ഗ്രസിലെ സണ്ണി ജോസഫിന്റെ അപരന്മാർ- സണ്ണി, സണ്ണി ജോസഫ്. സി.പി.എമ്മിലെ കെ.കെ.ശൈലജയുടെ അപര സി.ശൈലജ. മട്ടന്നൂരില്‍ വി.കെ.സനോജിന്റെ അപരൻ മേലൂർ സ്വദേശി സനോജ്. അഴീക്കോട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി കരീം ചേലേരിക്ക് രണ്ട് അപരന്മാർ-വി.പി.അബ്ദുല്‍കരീം, വി.വി.അബ്ദുല്‍ കരീം. ഇടതുസ്ഥാനാർത്ഥി കെ.വി.സുമേഷിന്റെ അപരൻ കെ.സുമേഷ് കുമാർ. കണ്ണൂരില്‍ യു.ഡി.എഫിലെ ടി.ഒ.മോഹനന്റെ അപരൻ താഴെക്കണ്ടി മോഹനൻ. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് അപരനായി കെ.രാമചന്ദ്രൻ. കൂത്തുറമ്പില്‍ മുസ്ലീംലീഗിലെ ജയന്തി രാജന് എതിരെ എ.ജയന്തി, ജയന്തി.
തലശേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാർത്ഥി കാരായി രാജന്റെ അപരനായി വി.പി.രാജൻ.അരുവിക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി വി.എസ്.ശിവകുമാറിന്റെ അപരൻമാർ എസ്.ശിവകുമാർ, ശിവകുമാർ. ഇടതുസ്ഥാനാർത്ഥി ജി.സ്റ്റീഫന്റെ അപരൻ സ്റ്റീഫൻ. വട്ടിയൂർക്കാവില്‍ കോണ്‍ഗ്രസിലെ കെ.മുരളീധരന്റെ അപരൻ പി.മുരളീധരൻ. ഇടതുമുന്നണി സ്ഥാനാർത്ഥി വി.കെ.പ്രശാന്തിന്റെ അപരൻ കെ.പ്രശാന്ത്. നേമത്ത് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ അപരൻ ജി.എസ്.രാജീവ് കുമാർ.

















