തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോർപറേഷനില്‍ മത്സരിച്ച സീറ്റുകളില്‍ തോല്‍പ്പിക്കാൻ സിപിഎം ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ മുന്നണി വിടാൻ ആർജെഡി. എല്‍ഡിഎഫ് മുന്നണി വിടണമെന്ന ആവശ്യം കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. നേതൃത്വം തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ കോഴിക്കോട് കോർപ്പറേഷനിലെ ആർജെഡി സ്വതന്ത്രമായി മുന്നോട്ടുപോകുമെന്നും സംസ്ഥാന കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എല്‍ഡിഎഫ് നടത്തുന്ന വികസന മുന്നേറ്റജാഥയുമായി സഹകരിക്കില്ല എന്നും ആർജെഡി നേതാക്കള്‍ പറഞ്ഞു. ആർജെഡിയുടെ തോല്‍വിയില്‍ അഞ്ച് പേർക്കെതിരെ പരാതി നല്‍കിയിട്ടും സിപിഎം നേതൃത്വം പരാതി അവഗണിച്ചെന്നും ആർജെഡി ജില്ലാ നേതൃത്വം വ്യക്തമാക്കി. കോഴിക്കോട് ആർജെഡി മത്സരിച്ചിരുന്ന അഞ്ച് ഡിവിഷനുകളില്‍ നാലിടത്തും തങ്ങളെ തോല്‍പ്പിക്കാനായി സിപിഎം വോട്ട് മറിച്ചുവെന്നാണ് ആർജെഡിയുടെ പ്രധാന ആരോപണം. വോട്ട് മറിക്കാനായി സിപിഎം നേതാക്കള്‍ വീടുകള്‍ കയറി പ്രചാരണം നടത്തിയെന്നും ആരോപണമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഎം ഏരിയ കമ്മിറ്റിയംഗം അനീഷ്, ലോക്കല്‍ കമ്മിറ്റിയംഗം ഷീബ, സി.ടി പ്രേമൻ, ദീപ്തി തുടങ്ങിയ സിപിഎം നേതാക്കള്‍ക്കെതിരെ ഈ വിഷയത്തില്‍ ആർജെഡി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇവർക്കെതിരെ സിപിഎം നടപടി സ്വീകരിച്ചില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ആർജെഡിയുടെ എല്‍ഡിഎഫ് മുന്നണി വിടാനുള്ള തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് തൊട്ടുപിന്നാലെയാണ് മുന്നണിക്കകത്തെ പിണക്കങ്ങളുടെ തുടക്കം. സിപിഎം ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും പരാതി നല്‍കിയിട്ടും അവഗണിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. ആർജെഡി സംസ്ഥാന നേതൃത്വം എടുക്കുന്ന തീരുമാനം ഇനി നിർണായകമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക