കേരളത്തില്‍ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തല്‍. ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാതെ ഏജന്‍റുമാർ മുഖേന മൈസൂരുവില്‍ നിന്നും ലൈസൻസ് തരപ്പെടുത്തുന്ന സംഘം സംസ്ഥാനത്ത് സജീവമായി പ്രവർത്തിക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.മൈസൂരുവില്‍ നിന്നും തരപ്പെടുത്തുന്ന ലൈസൻസില്‍ മേല്‍വിലാസവും ഒപ്പും ഫോട്ടോയും മാറ്റി കേരളത്തിലെ ലൈസൻസ് ആക്കി മാറ്റിയാണ് തട്ടിപ്പ്.

ഇതിന് മോട്ടർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥരും കൂട്ടുനിക്കുന്നുണ്ടെന്നാണ് വിവരം. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മോട്ടോർവാഹന വകുപ്പിന്‍റെ വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡ്രൈവർ ടെസ്റ്റ് മാനദണ്ഡങ്ങള്‍ കർശനമാക്കിയതോടെ തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും ഏജൻറുമ‍ാർ മുഖേന ലൈസൻസ് തരപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നു. എന്നാല്‍, ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാതെ, കർണാടകയില്‍ പോകാതെ ലൈസൻസ് തരപ്പെടുത്തുന്ന മാഫിയ സംസ്ഥാനത്ത് സജിവമാവുകയാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട ചില രേഖകള്‍ സ്വകാര്യ മാധ്യമത്തിന് ലഭിച്ചിരുന്നു ഇതിന്റെ അടിസ്ത്നത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തിയത്

മലപ്പുറം സ്വദേശി മുഹമ്മദ് ബഷീറെന്നയാള്‍ക്ക് മൈസൂരു വെസ്റ്റ് ആർടിഒ കഴിഞ്ഞ വർഷം ഡിസംബർ 20ന് മൈസൂരിലുള്ള ഒരു വിലാസത്തില്‍ ലൈസൻസ് ലഭിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍, 1970ല്‍ ജനിച്ചുവെന്ന രേഖകളിലുള്ള മുഹമ്മദ് ബഷീറിന്‍റെ ഡ്രൈവിങ് ലൈസൻസിലുള്ളത് ഒരു യുവാവിന്‍റെ ചിത്രമാണ്. ഇതേ മുഹമ്മദ് ബഷീർ വിലാസവും ഒപ്പും മാറ്റാനായി തിരൂരങ്ങാടി സബ് ആർടിഒ ഓഫീസില്‍ ദിവസങ്ങള്‍ക്കകം അപേക്ഷ നല്‍കി. ഡിസംബർ 28ന് തിരൂരങ്ങാടിയില്‍ നിന്നും മലപ്പുറത്തെ വിലാസത്തില്‍ പുതിയ ചിത്രവും ഒപ്പമുള്ള പുതിയ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു. ഇതേ മുഹമ്മദ് ബഷീർ ലൈസൻസിനായി സമർപ്പിച്ച ആധാറുകളെ കുറിച്ചും അന്വേഷിച്ചു. രണ്ട് പേരുടെ ചിത്രങ്ങള്‍ പതിച്ച മൈസൂരിലും മലപ്പുറത്തും വിലാസമുള്ള ആധാറുകള്‍ കണ്ടെത്തി. വിശദമായ അന്വേഷണത്തില്‍ സമാനമായ തട്ടിപ്പുകളും കണ്ടെത്തി. മൈസൂരു വിലാസത്തില്‍ മറ്റൊരു ചിത്രം വച്ച്‌ ഡ്രൈവിംഗ് ലൈസൻസും തിരൂരങ്ങാടിയില്‍ വിലാസം മാറ്റാനുള്ള അപേക്ഷയുടെ മറവില്‍ ഫോട്ടോയും വിലാസവും ഒപ്പും എല്ലാം മാറ്റി കേരളത്തിലെ വിലാസത്തില്‍ പുതിയ ലൈസൻസും നല്‍കുന്ന വലിയ തട്ടിപ്പാണ് നടക്കുന്നത്. കേരളത്തിലും മൈസൂരിലുമുള്ള ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേർന്നുള്ള വൻ തട്ടിപ്പാണിത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഡ്രൈവിംഗ് ടെസ്റ്റ് നടത്താത്ത ഒരാള്‍ക്ക് എങ്ങനെ മൈസൂരില്‍ ലൈസൻസ് നല്‍കുമെന്നും രണ്ട് ചിത്രങ്ങള്‍ കണ്‍മുന്നിലുള്ളപ്പോള്‍ തിരൂരങ്ങാടിയിലെ എംവിഡി ഉദ്യോഗസ്ഥർ എങ്ങനെ പുതിയ ലൈസൻസ് നല്‍കുമെന്നും ഉള്‍പ്പെടെ നിരവധി ചോദ്യങ്ങള്‍ക് ഇനിയും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. വിഷയത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും താഗത കമ്മീഷണർ വി.എച്ച്‌ നാഗരാജു വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക