വൃദ്ധയെ ആക്രമിച്ച് സ്വർണ്ണമാല കവർച്ച ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍. കോട്ടുവള്ളി കൂനമ്മാവില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി അശ്വതി (28) യെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അയല്‍വക്കത്ത് താമസിക്കുന്ന 76 വയസ്സുള്ള വൃദ്ധയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ച് കഴുത്തില്‍ കിടന്നിരുന്ന ഒന്നര പവൻ വരുന്ന സ്വർണ്ണ മാലയാണ് കവർച്ച ചെയ്തത്.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. അശ്വതിക്കെതിരെ തൃക്കാക്കര ഭാഗത്ത് എം.ഡി എം എ കൈവശം വച്ചതിനും, ഞാറക്കല്‍ ഭാഗത്ത് ഒരു വീട്ടില്‍ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏല്‍പ്പിച്ചതിനും, മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനും കേസുകള്‍ ഉണ്ടായിട്ടുണ്ട്.
നോർത്ത് പറവൂർ ഇൻസ്പെക്ടർ ഷോജോ വർഗീസിന്റെ നേതൃത്വത്തില്‍ വരാപ്പുഴ സബ് ഇൻസ്പെക്ടർമാരായ റസാഖ്, ബിജു, എ എസ് ഐ ഷീജ, സി പി ഒ മാരായ രാഹുല്‍, രതി രാജ്, ജിതിൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

















