ഉത്തർപ്രദേശിലെ ജലൗണ്‍ ജില്ലയില്‍ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്‌.ഒ) അരുണ്‍ കുമാർ റായിയെ ഔദ്യോഗിക വസതിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. സംഭവത്തില്‍, വനിതാ പൊലിസ് കോണ്‍സ്റ്റബിളായ മീനാക്ഷി ശർമ്മയെ പൊലിസ് അറസ്റ്റ് ചെയ്തു. എസ്.എച്ച്‌.ഒയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോണ്‍സ്റ്റബിളിനെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തത്. ജലൗണ്‍ ജില്ലയിലെ കുത്തൗണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസറായ അരുണ്‍ കുമാർ റായിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വൈകി ഔദ്യോഗിക വസതിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

റായി സ്വയം വെടിവെച്ചതാണെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകള്‍. എന്നാല്‍, സംഭവസ്ഥലത്ത് ഉണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ മീനാക്ഷി ശർമ്മക്കെതിരെയാണ് ഇപ്പോള്‍ കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്നത്. റായിയുടെ മരണം സംഭവിച്ച ഉടൻ തന്നെ, കോണ്‍സ്റ്റബിള്‍ മീനാക്ഷി ശർമ്മ ഒരു ബാഗുമായി ഓഫീസറുടെ ക്വാർട്ടേഴ്സില്‍ നിന്ന് തിടുക്കത്തില്‍ പിൻവാതിലിലൂടെ ഹൈവേയിലേക്ക് നടന്നു പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് കേസില്‍ വഴിത്തിരിവായത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റായ് ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറച്ചു ആദ്യമേ വിശ്വസിച്ചിരുന്നു. റായിയുടെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡയല്‍ 112 -ല്‍ സേവനമനുഷ്ഠിച്ചിരുന്ന കോണ്‍സ്റ്റബിള്‍ മീനാക്ഷി ശർമ്മയ്ക്കെതിരെ കൊലപാതകത്തിന് കേസെടുത്തത്. വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.എസ്.എച്ച്‌.ഒയുടെ വസതിയില്‍ മീനാക്ഷി ശർമ്മ രാത്രി വൈകിയും ഉണ്ടായിരുന്നതായും, മരണത്തിന് തൊട്ടുപിന്നാലെ വീടുവിട്ടിറങ്ങി പോയെന്നുമാണ് സൂചന. സംഭവത്തില്‍ വിശദമായ ശാസ്ത്രീയ അന്വേഷണം നടത്തുമെന്ന് പൊലിസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക