ന്യൂയോർക്കിലെ ലോങ് ഐലൻ്റില്‍ ഇന്ത്യൻ വംശജയായ 60കാരിയെ ഗ്രീൻ കാർഡ് അഭിമുഖത്തിനിടെ ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് (ഐസിഇ) കസ്റ്റഡിയിലെടുത്തത് കുടുംബാംഗങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. 1994 മുതല്‍ യുഎസില്‍ താമസിച്ചുവരുന്ന ബബ്ലി കൗർ ആണ് ഐസിഇ നടപടി നേരിട്ടത്. ഗ്രീൻ കാർഡ് നേടാനുള്ള അവസാനഘട്ട നടപടികളില്‍ ഒന്നായ ബയോമെട്രിക്സിന് എത്തിയപ്പോഴാണ് ഓഫീസിലേക്ക് ഫെഡറല്‍ ഏജൻ്റുമാർ എത്തിയതും ഈ ഇന്ത്യൻ വംശജയെ കസ്റ്റഡിയിലെടുത്തതും.

കൊവിഡിന് മുൻപ് വരെ ലോങ് ബീച്ചില്‍ ഭർത്താവിനൊപ്പം നടരാജ് ക്യുസീൻ ഓഫ് ഇന്ത്യ ആൻ്റ് നേപ്പാള്‍ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ബബ്ലി കൗർ. ഇരുവർക്കും മൂന്ന് മക്കളാണ് ഉള്ളത്. മൂത്ത മകനും ഒരു മകളും യുഎസ് പൗരന്മാരും 34കാരിയായ ജ്യോതി എന്ന മകള്‍ ഡിഎസിഎ പ്രകാരം, യുഎസില്‍ നിയമപരമായ താമസക്കാരിയുമാണ്. മൂത്ത മകളും ഭർത്താവുമാണ് ബബ്ലി കൗറിനെ ഗ്രീൻ കാർഡിന് സ്പോണ്‍സർ ചെയ്തത്. ഇതുസംബന്ധിച്ച അപേക്ഷ യുഎസ് ഇമിഗ്രേഷൻ അധികൃതർ അംഗീകരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബബ്ലി കൗർ നേരിട്ട നടപടിയെക്കുറിച്ച്‌ മകള്‍ ജ്യോതി പറയുന്നത് ഇങ്ങനെയാണ്; “ഓഫീസിൻ്റെ ഫ്രണ്ട് ഡെസ്കില്‍ അമ്മ നില്‍ക്കുമ്ബോള്‍ രണ്ട് കാറുകളില്‍ എത്തിയ നിരവധി ഫെഡറല്‍ ഏജൻ്റുമാർ ഓഫീസിലേക്ക് പ്രവേശിച്ചു. തുടർന്ന് ഫെഡറല്‍ ഏജൻ്റുമാർ കയറിപ്പോയ മുറിയിലേക്ക് അമ്മയെ വിളിപ്പിച്ച്‌ അറസ്റ്റ് ചെയ്തുവെന്ന് അറിയിച്ചു. അഭിഭാഷകനോട് സംസാരിക്കണമെന്ന് അമ്മ അറിയിച്ചതിനെ തുടർന്ന് എട്ട് മിനിറ്റ് നേരത്തെ ഫോണ്‍ കോളിന് മാത്രം അനുവദിച്ച്‌ കസ്റ്റഡിയിലേക്ക് മാറ്റി”- ജ്യോതി വിശദമാക്കി.

അമ്മയെ എവിടേയ്ക്കാണ് കൊണ്ടുപോകുന്നതെന്ന് ഫെഡറല്‍ ഏജൻ്റുമാർ കുടുംബാംഗങ്ങളെ അറിയിച്ചില്ലെന്ന് ജ്യോതി പറഞ്ഞു. സാൻ്റ അന അല്ലെങ്കില്‍ ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയേക്കാമെന്നായിരുന്നു ഐസിഇ ഏജൻ്റുമാരുടെ അറിയിപ്പ്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു മറുപടി ലഭിച്ചില്ലെന്നും ഐസിഇ നടപടിയില്‍ തങ്ങള്‍ മണിക്കൂറുകളോളം പരിഭ്രാന്തിയിലായെന്നും ജ്യോതി വ്യക്തമാക്കി.ബബ്ലി കൗറിനെ ലോസ് ഏഞ്ചല്‍സിലേക്ക് കൊണ്ടുപോകുന്നതായി കുടുംബം പിന്നീട് മനസ്സിലാക്കി. ഒരു ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്ത ബബ്ലി കൗറിന് നേരെ ഉണ്ടായ ഐസിഇ നടപടി കുടുംബാംഗങ്ങളെ ശരിക്കും ഞെട്ടിച്ചു. അമ്മ നല്ലവണ്ണം ഭയന്നുവെന്നും കൈയിലും കാലിലും വിലങ്ങ് വെച്ച്‌ പുരുഷന്മാർ മാത്രമുള്ള വാനിലാണ് കൊണ്ടുപോയതെന്നും ജ്യോതി കൂട്ടിച്ചേർത്തു.

അതേസമയം ബബ്ലി കൗറിനെതിരായ ഐസിഇ നടപടിയെ അപലപിച്ച്‌ ലോങ് ബീച്ചില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം റോബർട്ട് ഗാർഷ്യ രംഗത്തെത്തി. ബബ്ലിയുടെ കുടുംബവുമായി ബന്ധപ്പെട്ടുവരുന്നുണ്ടെന്നും അവരെ വീട്ടിലേക്ക് മടക്കിക്കൊണ്ടുവരാനായി ചെയ്യാനാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും റോബർട്ട് ഗാർഷ്യ അറിയിച്ചു. നമ്മുടെ സമൂഹത്തെ മികച്ച സ്ഥലമാക്കി മാറ്റാൻ ശ്രമിക്കുന്ന കഠിനാധ്വാനികളും നല്ലവരുമായ ആളുകളെ ഈ ഭീകരമായ പ്രവൃത്തികള്‍ ഭയപ്പെടുത്തുന്നത് തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.യുഎസില്‍ ഐസിഇ ഏജൻ്റുമാരില്‍നിന്ന് സമാന നടപടി ഉണ്ടാകുന്നത് ഇതാദ്യമല്ല. കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിലുള്ള ബേ ഏരിയയില്‍ വർഷങ്ങളായി താമസിച്ചുവരികയായിരുന്ന 73 വയസ്സുള്ള ഹർജിത് കൗറിനെ ഫെഡറല്‍ ഏജൻ്റുമാർ കസ്റ്റഡിയിലെടുത്തതും തുടർന്ന് നാടുകടത്തിയതും വലിയ ചർച്ചയായിരുന്നു.

ഈ വർഷം സെപ്റ്റംബർ എട്ടിന് സാൻ ഫ്രാൻസിസ്കോയില്‍ ഇമിഗ്രേഷൻ അധികൃതർക്ക് മുൻപില്‍ പതിവ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഹർജിത് കൗറിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇവരെ ബേക്കേഴ്സ്ഫീല്‍ഡിലുള്ള ഐസിഇ പ്രോസസിങ് സെൻ്ററിലേക്ക് മാറ്റി. 1991ല്‍ പഞ്ചാബില്‍നിന്ന് യുഎസിലേക്ക് കുടിയേറിയ ഹർജിത് കൗർ മൂന്ന് പതിറ്റാണ്ടിലധികം കാലം യുഎസില്‍ താമസിച്ചുവരികയായിരുന്നു. ഇതിനിടെ, അഭയം തേടാൻ അപേക്ഷ സമർപ്പിച്ചെങ്കിലും അംഗീകരിച്ചില്ല. ഐസിഇ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത ഹർജിത് കൗറിനെ പിന്നീട് ഇന്ത്യയിലേക്ക് നാടുകടത്തി.നവംബറില്‍ ഗ്രീൻ കാർഡ് അഭിമുഖത്തിനിടെ ചിലർ അറസ്റ്റിലാകുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. വിസാ കാലാവധിക്ക് ശേഷവും യുഎസില്‍ തുടർന്ന് ഗ്രീൻ കാർഡ് അഭിമുഖത്തിന് ഹാജരായവരെയാണ് ഐസിഇ ഉദ്യോഗസ്ഥർ അഭിമുഖവേളയില്‍ അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ പശ്ചാത്തലം പോലുമില്ലാത്ത തങ്ങളുടെ കക്ഷികള്‍ അറസ്റ്റിലായെന്ന് വ്യക്തമാക്കി ഇമിഗ്രേഷൻ അഭിഭാഷകർ രംഗത്തെത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക