കാല്‍നടയാത്രക്കാരുടെ സുരക്ഷയെ മാനിച്ച് നിയമം കർശനമാക്കാൻ ഒരുങ്ങി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് (എംവിഡി). ഇതിൻ്റെ ഭാഗമായി ചില നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സീബ്ര ലൈൻ കടക്കുമ്ബോള്‍ വാഹനമിടിച്ചാല്‍ ലൈസൻസ് റദ്ദാക്കാനും 2000 രൂപ പിഴയീടാക്കാനുമാണ് എംവിഡിയുടെ തീരുമാനം.ഏതെങ്കിലും വാഹനം സീബ്ര ലൈനില്‍ പാർക്ക് ചെയ്താലും ശിക്ഷയുണ്ടാകും. ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതാണ്.
ഈ വർഷം 800ലധികം കാല്‍നടയാത്രക്കാരാണ് വിവിധയിടങ്ങളിലായി നടന്ന റോഡപകടത്തില്‍ മരിച്ചതെന്നാണ് ഗതാഗത കമ്മീഷണർ വ്യക്തമാക്കുന്നത്. ഇതില്‍ 80 ശതമാനത്തിലധികവും പ്രായമായവരാണ്. ഈ സാഹചര്യത്തിലാണ് ഗതാഗത നിയമം കർശനമാക്കാൻ ഒരുങ്ങുന്നത്. പൊതുജനങ്ങളുടെ സുരക്ഷിതത്വം സർക്കാരിൻ്റെ ഉത്തരവാദിത്തമായതിനാല്‍ പ്രൈവറ്റ് ബസിലെ ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) നിർബന്ധമാക്കി കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉത്തരവിറക്കിയിരുന്നു. ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ തുടങ്ങിയവർക്കാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ടത്.
വർഷത്തിലൊരിക്കല്‍ ഇത് വാങ്ങിയിരിക്കുകയും വേണം. ഗതാഗതവകുപ്പിൻ്റെ ഇത്തരം ഉത്തരവുകള്‍ പാലിക്കാത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളും സ്വീകരിക്കാനാണ് നിർദ്ദേശം. വേഗതയുടെ കാര്യത്തിലും നിയമ ലംഘനങ്ങള്‍ അനുവദിക്കില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി.

















