കോട്ടയം ഈരാറ്റുപേട്ടയില്‍ വീണ്ടും റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് (എംവിഡി) തടഞ്ഞു. ഇന്നലെ രാത്രിയാണ് കാഞ്ഞിരപ്പള്ളി-പാലാ റൂട്ടില്‍ സർവീസ് നടത്തുന്നതിനിടെ ബസ് പരിശോധനയ്ക്കായി തടഞ്ഞത്.ബസിന് സാധുവായ പെർമിറ്റ് ഇല്ലെന്നായിരുന്നു എംവിഡി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയ കാരണം. ഇതോടെ ബസും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള തർക്കം വീണ്ടും ചർച്ചയാവുകയാണ്.എന്നാല്‍ എംവിഡിയുടെ നടപടിക്കെതിരെ ബസ് ഉടമ റോബിൻ ഗിരീഷ് രംഗത്തെത്തി.
ഓഗസ്റ്റ് 2 വരെ ബസിന് സാധുവായ പെർമിറ്റ് ഉണ്ടെന്നും നിയമാനുസൃതമായാണ് സർവീസ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമായ എല്ലാ രേഖകളും കൈവശമുണ്ടായിരുന്നുവെന്നും, അനാവശ്യമായാണ് ബസ് തടഞ്ഞതെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.പെർമിറ്റ് ഇല്ലെന്ന് പറഞ്ഞ് ഇന്നലെ രാത്രി എട്ടുമണിക്ക് ബസ്സ് പിടിച്ചുവെന്നും പെർമിറ്റ് ഇല്ലാത്ത വണ്ടി സിസി ചെയ്യേണ്ട കാര്യമില്ലെന്നും ബസ് ഉടമ ഉടമ ഗിരീഷ് പ്രതികരിച്ചു. പിന്നില്‍ കൃത്യമായ അജണ്ട ഉണ്ടെന്ന് ആരോപിച്ച ഗിരീഷ് നിലവില്‍ പെർമിറ്റ് ഇല്ലെങ്കില്‍ ഇത്രയും നാള്‍ ഓടാൻ സാധിക്കുമോ എന്നും ചോദിച്ചു.
2003 മുതല്‍ കോടതി ഉത്തരവിലാണ് ബസ് ഓടുന്നത്. കോടതി ഉത്തരവ് എഴുതിത്തരുകയാണ് പതിവ്. പെർമിറ്റിന് അപേക്ഷ നല്‍കാൻ അല്ലേ സാധിക്കൂ? എല്ലാ തവണയും അപേക്ഷ നല്‍കുന്നുണ്ട്. ജൂണ്‍ പത്താം തീയതി അപേക്ഷ പുതുക്കി കിട്ടി. ഇപ്പോള്‍ നാല് ബസ്സുകളുണ്ട്. ഒരു ബസ്സിന് മാത്രമാണ് കോടതി ഉത്തരവു പ്രകാരം ഓടുന്നത്. ജയപ്രകാശ് എന്ന ഉദ്യോഗസ്ഥനാണ് അന്യായമായി ബസ് പിടിച്ചതെന്നും ഗിരീഷ് പറഞ്ഞു.
റോബിൻ ബസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍, കോടതി ഉത്തരവു പ്രകാരം പെർമിറ്റിന് വാഹന ഉടമ അപേക്ഷ നല്‍കിയിട്ടുണ്ട് എന്ന് കോട്ടയം ആർടിഒ ജയരാജ് വ്യക്തമാക്കി. പക്ഷേ ഫീസ് അടച്ചിട്ടില്ല. ഫീസ് അടച്ചാല്‍ മാത്രമാണ് പെർമിറ്റ് നല്‍കാനാവുക. കോടതി ഉത്തരവ് ഹാജരാക്കി പെർമിറ്റ് ലഭിക്കാൻ അപേക്ഷ നല്‍കി ഫീസ് അടക്കണം. ഈ നടപടി ഉടമയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പെർമിറ്റില്ലാത്ത ബസ് പിടിച്ചെടുക്കാൻ എംവിഡിക്ക് അധികാരമുണ്ടെന്നും ആർടിഒ പറഞ്ഞു.
റോബിൻ ബസും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള തർക്കം പുതുമയല്ല. അന്തർസംസ്ഥാന പെർമിറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇരുപക്ഷവും മുൻപും പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്. നിയമപരമായ നടപടികളും പ്രതിഷേധങ്ങളും വിവാദങ്ങളും നേരത്തെ വലിയ വാർത്തയായിരുന്ന സാഹചര്യത്തില്‍, പുതിയ നടപടി വീണ്ടും ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. വിഷയത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്കും വിശദീകരണങ്ങള്‍ക്കും ശേഷം മാത്രമേ അന്തിമ സ്ഥിതിഗതികള്‍ വ്യക്തമാകൂ.

















