സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഒരു ബസ് മറ്റൊരു ബസില്‍ മനഃപൂർവ്വം കൊണ്ടിടിപ്പിച്ച സംഭവത്തില്‍ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.പന്തളം-കായംകുളം റൂട്ടിലോടുന്ന ‘രാഖി’എന്ന ബസില്‍ ‘ദുർഗ’ എന്ന പേരിലുള്ള സ്വകാര്യ ബസ് മനഃപൂർവ്വം ഇടിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് മോട്ടോർ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്.”രണ്ടറ്റം കൂട്ടിമുട്ടിക്കണ്ടേ, പക്ഷെ ശുദ്ധ തെമ്മാടിത്തരം വെച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ച…”

എന്ന കുറിപ്പോടെയാണ് 45 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച്‌ മോട്ടോർ വാഹന വകുപ്പ് (MVD) ബസ് ജീവനക്കാർക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ പന്തളം മെഡിക്കല്‍ മിഷൻ കവലയ്ക്ക് സമീപമാണ് സംഭവം നടന്നത്. മുൻപില്‍ പോവുകയായിരുന്ന രാഖി ബസിന്റെ വശങ്ങളില്‍ ദുർഗ എന്ന ബസ് മനഃപൂർവ്വം ചേർത്തുരയ്ക്കുന്നതും, അതിനുശേഷം മുന്നോട്ട് എടുത്ത ബസ് പെട്ടെന്ന് റിവേഴ്‌സ് വന്ന് വീണ്ടും രാഖി ബസിലേക്ക് ഇടിച്ചുകയറ്റുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.

സമയക്രമം തെറ്റിച്ച്‌ സർവീസ് നടത്തിയതിന് ദുർഗ ബസിനെതിരെ രാഖി ബസിന്റെ ഉടമകള്‍ നേരത്തെ നൂറനാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് വെള്ളിയാഴ്ച വൈകിട്ടുണ്ടായ ഈ അതിക്രമത്തിന് കാരണമായതെന്നാണ് വിവരം.

സംഭവത്തെത്തുടർന്ന് രാഖി ബസ് ഡ്രൈവറും കരുനാഗപ്പള്ളി സ്വദേശിയുമായ പ്രേംകുമാറിന്റെ പരാതിയില്‍ ദുർഗ ബസിലെ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ രാഖി ബസിന് ഏകദേശം രണ്ടുലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും മനഃപൂർവ്വം അപകടമുണ്ടാക്കാൻ ശ്രമിച്ചതിനുമാണ് നിലവില്‍ പൊലീസ് കേസെടുത്തിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക