ഫാസിസത്തിനെതിരെ അർധ നഗ്നരായി പ്രതിഷേധിച്ച യുവതികളുടെ മാറിടത്തില്‍ കയറിപ്പിടിച്ച് അതിക്രമം. സ്പെയിനിയെ മാഡ്രിഡില്‍ വ്യാഴാഴ്ച്ചയാണ് ഫാസിസത്തിനെതിരെ പ്രതിഷേധിച്ച യുവതികള്‍ക്കുനേരേ ലൈംഗികാതിക്രമം നടന്നത്. 1939 മുതല്‍ 1975 വരെ സ്പെയിനിന്റെ പരമാധികാരിയായിരുന്ന ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ ചരമവാർഷിക ദിനത്തിലാണ് യുവതികള്‍ പ്രതിഷേധിച്ചത്. ഇരുപതാം നൂറ്റാണ്ടില്‍ ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് സ്വേച്ഛാധിപതികളില്‍ ഒരാളാണ് ഫ്രാൻസിസ്കോ ഫ്രാങ്കോ.വ്യാഴാഴ്ചയാണ് വൈകുന്നേരം മാഡ്രിഡിലെ ഒരു പള്ളിയുടെ പുറത്താണ് യുവതികള്‍ പ്രതിഷേധിച്ചത്. ഫ്രാങ്കോയുടെ അനുയായികളുടെ നേതൃത്വത്തില്‍ ദിവ്യബലി നടന്നുകൊണ്ടിരിക്കെയാണ് പുറത്ത് ഫ്രാങ്കോയ്ക്കെതിരെ പ്രതിഷേധം അരങ്ങേറിയത്.
രണ്ട് യുവതികള്‍ അർദ്ധനഗ്നരായാണ് പ്രതിഷേധവുമായി എത്തിയത്.അർധനഗ്നരായി ഫാസിസത്തിനെതിരെ പോസ്റ്റർ ഉയർത്തിപ്പിടിച്ചും മുദ്രാവാക്യം വിളിച്ചുമായിരുന്നു യുവതികളുടെ പ്രതിഷേധം. ഇതിനിടെയാണ് ഒരു പുരുഷൻ സ്ത്രീകളില്‍ ഒരാളുടെ മാറിടത്തില്‍ കൈവയ്ക്കുന്നത്. പിന്നാലെ യുവതി ഒഴിഞ്ഞുമാറുകയും ‘സർ, എന്നെ തൊടരുത്!’ എന്ന് ആക്രോശിക്കുകയും ചെയ്യുന്നുണ്ട്.
ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ കാലഘട്ടത്തിലെ പതാകയുമായാണ് അക്രമി എത്തിയത്. യുവതികളുടെ അനുയായികളില്‍ ഒരാള്‍ ഇടയ്ക്കുകയറി തടയാൻ ശ്രമിച്ചെങ്കിലും ഇയാള്‍ ആക്രമണം തുടർന്നു. പിന്നാലെ രണ്ടാമത്തെ സ്ത്രീക്ക് നേരെ തിരിഞ്ഞ അയാള്‍ ആ യുവതിയേയും കടന്നുപിടിക്കുകയായിരുന്നു. എങ്കിലും യുവതികള്‍ പ്രതിഷേധം തുടർന്നു. സംഭവത്തിൻറെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഉടനീളം പ്രചരിക്കുന്നുണ്ട്.
അതേസമയം, കാഴ്ചക്കാർ യുവതികളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. പള്ളിക്ക് പുറത്ത് പ്രതിഷേധിച്ചതിന് ആളുകള്‍ അവരെ ശാസിക്കുകയും ചെയ്യുന്നു. സംഭവം സ്പെയിനിലുടനീളം വലിയ പ്രതിഷേധത്തിന് കാരണമായി. യുവതികള്‍ക്ക് നേരെയുള്ള ആക്രമണത്തെ നിരവധി അപലപിച്ച് രാഷ്ട്രീയ പ്രവർത്തകരും ആക്ടിവിസ്റ്റുകളും രംഗത്തെത്തി.
അമ്ബത് വർഷങ്ങള്‍ കടന്നുപോയിട്ടും ചിലർ ഒന്നും പഠിച്ചിട്ടില്ലെന്നും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെയും ഒരു സ്വേച്ഛാധിപതിയോടുള്ള ആരാധനയും ഇനിയും പൊറുക്കില്ലെന്നും സ്പെയിനിൻറെ തുല്യതാ മന്ത്രിയായ അന റെഡോണ്ടോ ഗാർസിയ പറഞ്ഞു. ക്യാമറകള്‍ക്ക് മുന്നില്‍ രണ്ട് സ്ത്രീകളെ ആക്രമിക്കാൻ മാത്രം ധൈര്യം എന്നാണ് മന്ത്രി എക്സില്‍ കുറിച്ചത്.ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ ചരമവാർഷിക ദിനത്തില്‍ ‘ഫ്രാങ്കോ നീണാള്‍ വാഴട്ടെ’ എന്ന മുദ്രാവാക്യവുമായെത്തിയ അനുയായികള്‍ സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസിനെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
അടുത്തിടെയായി സ്പെയിനിൻറെ ഫാസിസ്റ്റ് കാലത്തെ ഓർമ്മകള്‍ ഇല്ലാതാക്കാൻ ഭരണത്തിലുള്ള ഇടതുപക്ഷ സർക്കാർ കിണഞ്ഞു പരിശ്രമിച്ചിട്ടും ഫ്രാങ്കോയുടെ ഓർമ്മകള്‍ കാത്തുസൂക്ഷിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്ന സ്പെയിനിലെ തീവ്ര വലതുപക്ഷ അനുയായികളുടെ പിന്തുണ വർധിച്ചുവരികയാണ്. കഴിഞ്ഞ മാസം സ്റ്റേറ്റ് പോള്‍സ്റ്റർ സിഐഎസ് നടത്തിയ ഒരു സർവേയില്‍ 21 ശതമാനത്തിലധികം ആളുകള്‍ ഫ്രാങ്കോ യുഗത്തെ ‘നല്ലത്’ അല്ലെങ്കില്‍ ‘വളരെ നല്ലത്’ എന്ന് വിശേഷിപ്പിച്ചിരുന്നു. 2000 ല്‍ ഇത് 11 ശതമാനമായിരുന്നു.

















