കോട്ടയം മാണിക്കുന്നത് മുൻ നഗരസഭ അംഗം വി.കെ അനില്‍കുമാറും (ടിറ്റോ) മകനും ചേർന്നു യുവാവിനെ കുത്തിക്കൊന്നു. അനില്‍കുമാറിന്റെ വീടിനു മുന്നിലാണ് യുവാവുമായി ഇവർ ഏറ്റുമുട്ടിയത്. സംഭവത്തില്‍ കുത്തേറ്റ കറുകച്ചാല്‍ തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കല്‍ ഹൗസ് ആദർശ് (23) കൊല്ലപ്പെട്ടു. ഇയാളുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലാണ്.
ഇന്ന് പുലർച്ചെ നാലരയോടെ അനില്‍കുമാറിന്റെ വീടിനു മുന്നിലായിരുന്നു കൊലപാതകം. വാക്ക് തർക്കത്തെ തുടർന്ന് അനില്‍കുമാറും മകനും ചേർന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.സംഭവത്തില്‍ കുത്തേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മുൻ വൈരാഗ്യത്തെ തുടർന്നാണ് ഇരുവരും ചേർന്ന് യുവാവിനെ ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ടിറ്റോയുടെ മകൻ നിരവധി കഞ്ചാവ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

















