തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോൾ എറണാകുളം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കടമക്കുടി ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയുമായ എല്‍സി ജോര്‍ജിന്റെ നാമനിര്‍ദ്ദേശ പത്രികയാണ് തള്ളിയത്. പത്രിക പൂരിപ്പിച്ചതിലുണ്ടായ പിഴവാണ് അയോഗ്യതയ്ക്ക് കാരണമായത്. ഈ ഡിവിഷനില്‍ യുഡിഎഫിന് ഡമ്മി സ്ഥാനാര്‍ഥി പോലും ഇല്ലാത്തത് മുന്നണിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

നാമനിര്‍ദ്ദേശ പത്രികയില്‍ നിര്‍ബന്ധമായും പാലിക്കേണ്ട നിയമപരമായ വ്യവസ്ഥയാണ് എല്‍സി ജോര്‍ജിന് തിരിച്ചടിയായത്. പത്രികയെ മൂന്ന് പേര്‍ പിന്താങ്ങണം എന്ന വ്യവസ്ഥ നിലവിലുണ്ട്. പിന്താങ്ങുന്നവര്‍ ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ വോട്ടര്‍മാര്‍ ആയിരിക്കണം. എന്നാല്‍, എല്‍സി ജോര്‍ജിന്റെ പത്രികയില്‍ പിന്താങ്ങിയവര്‍ കടമക്കുടി ഡിവിഷന് പുറത്തുള്ള വോട്ടര്‍മാരായിരുന്നു. ഈ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് വരണാധികാരിയായ കളക്ടര്‍ പത്രിക തള്ളിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുഡിഎഫ് അനായാസം ജയിച്ചുകയറാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന ഡിവിഷനായിരുന്നു കടമക്കുടി. പത്രിക സമര്‍പ്പിച്ച ഉടന്‍ തന്നെ പിഴവ് എല്‍സി ജോര്‍ജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഡിവിഷന് അകത്ത് നിന്നുള്ള പിന്താങ്ങുന്നവരെ കണ്ടെത്തി സ്ഥാനാര്‍ഥി പുതിയ പത്രിക തയ്യാറാക്കി. എന്നാല്‍, ഈ തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഗുരുതരമായ തടസ്സങ്ങള്‍ നേരിട്ടതായി യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു. പുതിയ പത്രികയുമായി സ്ഥാനാര്‍ഥി ഇന്നലെ ഉച്ചയ്ക്ക് 2.30-ഓടെ കളക്ടറുടെ ചേംബറിന് പുറത്തെത്തി. എന്നാല്‍, അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ അകത്തേക്ക് കടത്തിവിട്ടില്ലെന്നും ഇത് അനാവശ്യ പ്രശ്നങ്ങള്‍ക്ക് കാരണമായെന്നും നേതാക്കള്‍ പറയുന്നു.

ഏറെ ബഹളമുണ്ടാക്കിയ ശേഷം ചേംബറിലേക്ക് കയറിയപ്പോള്‍ സമയം 2.57 ആയിരുന്നു. പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി കൃത്യം 3 മണിയാണ്. പത്രിക സമര്‍പ്പിക്കാന്‍ സമയം ബാക്കിയുണ്ടായിട്ടും കളക്ടര്‍ ഫോണിലായിരുന്നുവെന്നും, ഫോണ്‍ സംഭാഷണം കഴിഞ്ഞ് കളക്ടര്‍ മടങ്ങിയെത്തിയപ്പോള്‍ 3.15 ആയെന്നും യുഡിഎഫ് ആരോപിക്കുന്നു. സമയപരിധി കഴിഞ്ഞതിനാല്‍ പത്രിക സ്വീകരിക്കാന്‍ കഴിയില്ലെന്ന് കളക്ടര്‍ നിലപാടെടുത്തതോടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി പുറത്തായത്. പോലീസുകാരന്റെ നടപടിയാണ് തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ കഴിയാതെ പോയതിന്റെ പ്രധാന കാരണമെന്നും യുഡിഎഫ് ആരോപിക്കുന്നു.

കോടതിയെ സമീപിക്കാന്‍ യുഡിഎഫ്

ഈ സാഹചര്യത്തില്‍, പോലീസ് ഉദ്യോഗസ്ഥന്റെ തടസ്സപ്പെടുത്തല്‍ അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാന്‍ യുഡിഎഫ് ആലോചിക്കുകയാണ്. കോടതിയില്‍ നിന്ന് അനുകൂല വിധി വന്നില്ലെങ്കില്‍, കടമക്കുടിയില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍ മാത്രമായി ഒതുങ്ങും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക