ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും സിപിഎമ്മിനെയും ആശങ്കയിലാക്കി. സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണന്‍ പോറ്റി അപേക്ഷ നല്‍കിയത് ദേവസ്വം മന്ത്രിക്കാണെന്ന് പത്മകുമാര്‍ അന്വേഷണ സംഘത്തോട് (എസ്.ഐ.ടി.) വെളിപ്പെടുത്തി.പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണ് ഫയല്‍ നീക്കം ആരംഭിച്ചത്. എന്നാല്‍, ഫയല്‍ നീക്കിയത് ഉദ്യോഗസ്ഥരാണെന്നും ഉദ്യോഗസ്ഥര്‍ക്കാണ് വീഴ്ച പറ്റിയതെന്നും കാണിച്ച് പത്മകുമാര്‍ മൊഴിയില്‍ ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തുന്നുണ്ട്.
മന്ത്രിയുടെ വാദങ്ങള്‍ തള്ളി മൊഴി: ഈ കേസില്‍ മുന്‍പ് കടകംപള്ളി സുരേന്ദ്രന്‍ ഒരു ഫയലും തന്റെ മുന്നിലെത്തിയിട്ടില്ലെന്ന് വാദിച്ചിരുന്നു. എന്നാല്‍, പോറ്റിയുടെ അപേക്ഷ സര്‍ക്കാരിനാണ് ലഭിച്ചതെന്ന പത്മകുമാറിന്റെ മൊഴി മുന്‍മന്ത്രിയുടെ മുന്‍ വാദങ്ങളെ തള്ളിക്കളയുന്നതാണ്.സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് എസ്.ഐ.ടി. അറസ്റ്റ് ചെയ്തത്. സ്വര്‍ണ്ണക്കൊള്ളക്കേസിലെ ആറാമത്തെ അറസ്റ്റാണിത്.
കടകംപള്ളിയുടെ വിശദീകരണം: ‘ബോര്‍ഡുകള്‍ സ്വതന്ത്രം, ഫയലുകള്‍ വന്നിട്ടില്ല’പത്മകുമാറിന്റെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമാണെന്ന് ആവര്‍ത്തിച്ചു. ‘സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയാണ്. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് മന്ത്രിതലത്തില്‍ ഫയല്‍ അയയ്ക്കേണ്ട കാര്യമില്ല.
ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ഒരു ഫയലും എന്റെ ഭരണസമയത്ത് വന്നിട്ടില്ല. ഇളക്കാന്‍ പറയാനും പൂശാന്‍ പറയാനും ദേവസ്വം മന്ത്രിക്ക് അവകാശമില്ല’- കടകംപള്ളി പറഞ്ഞു.കൂടാതെ, പ്രതിപക്ഷം അന്യായങ്ങള്‍ വിളിച്ചു പറയുന്നുണ്ടെന്നും അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവിനെതിരെ കോടതി മുഖേന സിവില്‍ കേസ് ഫയല്‍ ചെയ്തതുകൊണ്ടാണ് താന്‍ മറുപടി പറയാത്തതെന്നും അദ്ദേഹം വിശദീകരിച്ചു.കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ കാത്തിരിക്കണമെന്നും സര്‍ക്കാരിന്റെ കൈകള്‍ ശുദ്ധമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
സിപിഎം ആശങ്കയിൽ: പത്മകുമാറിന്റെ അറസ്റ്റോടെ സിപിഎമ്മിന്റെ പ്രതിരോധ മതിലുകൾ എല്ലാം തകർന്നിരിക്കുകയാണ്. വിഭാഗീയതയുടെ കാലത്ത് വിഎസ് പക്ഷത്തുനിന്ന് പത്തനംതിട്ട ജില്ലയെ പിണറായി പക്ഷത്തേക്ക് അണിനിരത്തിയ ശക്തനാണ് പത്മകുമാർ. സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുൻ എംഎൽഎയും കൂടിയായ നേതാവ് അറസ്റ്റിലായതോടെ പാർട്ടിക്ക് ശബരിമല വിഷയത്തിൽ ഉദ്യോഗസ്ഥർ മാത്രമാണ് പ്രതികൾ എന്ന നിലപാടിൽ പിടിച്ചുനിൽക്കാൻ കഴിയില്ല. പത്മകുമാറിന്റെ മൊഴിയിൽ കടകംപള്ളിക്കെതിരെ സംശയങ്ങൾ ഉയരുന്നതോടെ അന്വേഷണം ആ ദിശയിൽ നീങ്ങിയാൽ ഒരുപക്ഷേ മുൻ ദേവസ്വം മന്ത്രിയും വൈകാതെ അറസ്റ്റിൽ ആകും. ഇതോടെ യുവതി പ്രവേശത്തേക്കാൾ വലിയ തിരിച്ചടിയാണ് സിപിഎമ്മിന് കാത്തിരിക്കുന്നത് എന്ന ഭയവും നേതൃത്വത്തിന് ഉണ്ട്. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണമായതിനാൽ രാഷ്ട്രീയ ഇടപെടല സാധ്യതകൾ അവശേഷിക്കുന്നില്ല സിപിഎമ്മിനെ ആകുലപ്പെടുത്തുന്നു.

















