തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയിലെ കാര്യങ്ങളില്‍ ഇടപെടുന്നതിന് മന്ത്രിയുടെ പ്രവർത്തനങ്ങള്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തി. ഇനി ശബരിമലയുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ വിളിക്കാനോ മാധ്യമങ്ങളില്‍ പ്രതികരിക്കാനോ മന്ത്രി വി. എൻ. വാസവന് സാധിക്കില്ല.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് യോഗം വിളിക്കുന്നതിന് മന്ത്രി നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയിരുന്നു. പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ ഇതിന് വിലക്കേർപ്പെടുത്തിയത്. മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ വിഷയത്തില്‍ മന്ത്രിക്ക് നേരിട്ട് ഇടപെടാനോ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്താനോ കഴിയില്ല.
അതേസമയം, ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. തിരക്ക് കുറയ്ക്കാനും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനുമുള്ള നടപടികളുടെ ഭാഗമായി നിലയ്ക്കലില്‍ സ്പോട്ട് ബുക്കിങ്ങിനായി ഏഴ് കൗണ്ടറുകള്‍ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തിലേയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകള്‍ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.

















