വോട്ടർ പട്ടികയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേരിനൊപ്പമുള്ളത് തെറ്റായ വീട്ടുനമ്ബർ ആണെന്നു പരാതി നല്‍കിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ പേരിനൊപ്പമുള്ള വീട്ടു നമ്ബറില്‍ താമസിക്കുന്നത് 22 പേരെന്ന് രേഖ. കോർപറേഷൻ മുട്ടട വാർഡിലെ സ്ഥാനാർഥിയായ വൈഷ്ണക്കെതിരെ രംഗത്തെത്തിയ സിപിഎം മുട്ടട ബ്രാഞ്ച് അംഗം ധനേഷ് കുമാറിന്റെ വീട്ടുനമ്ബറിലാണ് വൻ ക്രമക്കേട് നടന്നത്.
അതേസമയം, വോട്ടർ പട്ടികയില്‍ പേരു ചേർക്കാനും ഒഴിവാക്കാനും തിരഞ്ഞെടുപ്പ് കമ്മിഷൻ നല്‍കിയ അവസാന അവസരത്തിന്റെ മറവില്‍ പല വാർഡുകളിലും വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്തെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ ദിവസം ധനേഷ് കുമാറാണ് വൈഷ്ണയ്ക്കെതിരെ കോർപറേഷൻ തിരഞ്ഞെടുപ്പ് ചുമതലയുള്ള അഡിഷനല്‍ സെക്രട്ടറിക്കു പരാതി നല്‍കിയത്.ടിസി 18/ 2464 എന്ന വീട്ടുനമ്ബറാണ് ഇന്നലെ പ്രസിദ്ധീകരിച്ച സപ്ലിമെന്ററി പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേരിനൊപ്പമുള്ളത്. ഇതേ വീട്ടു നമ്ബറില്‍ 21 പേരെ വേറെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന രേഖയാണ് പുറത്തായത്.
തോപ്പില്‍ വീട്, മാറയ്ക്കല്‍ തോപ്പില്‍ വീട്, ശക്തി ഭവൻ, അനുപമ മാറയ്ക്കല്‍ തോപ്പ്, ശേഖരമംഗലം, ആർ.സി.നിവാസ്, അക്ഷയ, ഭാർഗവ പ്രസാദം തുടങ്ങിയ വീട്ടുപേരുകളാണ് 18/ 2464 എന്ന വീട്ടു നമ്ബറിനൊപ്പം ചേർത്തിരിക്കുന്നത്.ഒരു വീടിന് ഒരു നമ്ബർ എന്ന ക്രമത്തിലാണ് കോർപറേഷൻ റവന്യു വിഭാഗം നമ്ബർ അനുവദിക്കുന്നത്. ഒരു നമ്ബറില്‍ 22 പേരുകളില്‍ വീടുകളുണ്ടായതാണ് ക്രമക്കേട് ആരോപണം ഉയരാൻ കാരണം.

















