സഹകരണ ബാങ്കില്‍ സ്വർണപ്പണയ തിരിമറി നടത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍.ബുധനൂർ സർവീസ് സഹകരണ ബാങ്കിലെ സെക്രട്ടറി ഇൻ ചാർജ് ആയിരുന്ന ബുധനൂർ വെളുത്തേടത്ത് പുത്തൻവീട്ടില്‍ അനീഷയെ (42) ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. 2022ല്‍ അനീഷ സെക്രട്ടറിയുടെ ചാർജ് വഹിച്ചിരുന്ന സമയത്ത് ബുധനൂർ സ്വദേശി രാഹുല്‍ ബാങ്കില്‍ പണയം വച്ചിരുന്ന അഞ്ചേകാല്‍ പവന്റെ ആഭരണങ്ങള്‍ കഴിഞ്ഞ മാസം തിരിച്ചെടുക്കാൻ ചെന്നപ്പോള്‍ സ്വർണം ബാങ്കില്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.

രാഹുലിന്റെ പരാതിയില്‍ മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പണയ സ്വർണം ഉടമ അറിയാതെ അവിടെ നിന്ന് എടുത്ത് എണ്ണയ്ക്കാട്ടുള്ള മറ്റൊരു ബാങ്കില്‍ പണയംവച്ച്‌ സ്വന്തം ആവശ്യത്തിനായി കൂടുതല്‍ പണം വാങ്ങിയതായി കണ്ടെത്തി. തുടർന്ന് വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി അനീഷക്കെതിരെ കേസെടുക്കുകയായിരുന്നു. എണ്ണയ്ക്കാട് ബാങ്കില്‍ നിന്ന് ഇതില്‍ നിന്ന് നാല് പവൻ സ്വർണം പൊലീസ് കണ്ടെത്തി. എണ്ണക്കാട് സ്വദേശി ഭാരതിയമ്മയുടെ മൂന്നര പവൻ സ്വർണം ഉടമയുടെ വ്യാജ ഒപ്പിട്ട് എടുത്ത് സ്വകാര്യ ബാങ്കില്‍ പണയംവച്ച സംഭവത്തിലും അനീഷ പൊലീസ് അന്വേഷണം നേരിട്ട് വരികയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പണമടച്ചിട്ടും സ്വർണം തിരികെ നല്‍കുന്നില്ലെന്നും സ്ഥിര നിക്ഷേപകരുടെ പണം പിൻവലിക്കാൻ ചെന്നപ്പോള്‍ നല്‍കിയില്ലെന്നുമുള്ള നിരവധി ആളുകള്‍ക്ക് ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ 2023ല്‍ അനീഷയെ ബാങ്കില്‍ നിന്ന് പുറത്താക്കിയിരുന്നു. ബുധനൂർ പഞ്ചായത്തംഗം ഹരിദാസിന്റെ ഭാര്യയാണ് അനീഷ. മാന്നാർ പൊലീസ് എസ്.എച്ച്‌.ഒ ഡി.രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക