ജോബ് കണ്‍സള്‍ട്ടൻസി സ്ഥാപനം വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷത്തോളം രൂപ തട്ടിയ യുവതികള്‍ അറസ്റ്റില്‍. കണിയാപുരം റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന രഹ്ന (40), സുഹൃത്ത് മുരുക്കുംപുഴ കോഴിമട ക്ഷേത്രത്തിന് സമീപം മംഗലശേരിയില്‍ ജയസൂര്യ (41) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന എസ്പികെ ജോബ് കണ്‍സള്‍ട്ടൻസി വഴിയായിരുന്നു തൊഴില്‍ തട്ടിപ്പ്.വിദേശത്ത് സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്‌ത് 25 ലക്ഷം രൂപയോളം ഇവർ തട്ടിയതായി പൊലീസ് പറഞ്ഞു. സ്റ്റേഷൻകടവ് സ്വദേശിയായ യുവതിയില്‍നിന്ന് എട്ട് ലക്ഷവും കീരിക്കാട് സ്വദേശിയായ യുവാവില്‍നിന്ന് യുകെയിലെ കമ്ബനിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് നാല് ലക്ഷവും യുകെയില്‍ ജോബ് വിസ നല്‍കാമെന്ന് പറഞ്ഞു വട്ടപ്പാറ സ്വദേശിയില്‍നിന്ന് ആറ് ലക്ഷവും കഴക്കൂട്ടം സ്വദേശിയില്‍നിന്ന് സർക്കാർ സ്ഥാപനത്തില്‍ ക്ലർക്കായി ജോലി നല്‍കാമെന്ന് പറഞ്ഞ് ആറ് ലക്ഷവുമാണ് തട്ടിയത്.
ഓരോ തവണയും അന്വേഷിച്ചെത്തുമ്ബോള്‍ പുതിയ ജോലിയക്കായി ശ്രമിക്കുകയായിരുന്നെന്നാണ് ഇവർ പരാതിക്കാരോട് പറഞ്ഞിരുന്നത്. ഒടുവില്‍ തട്ടിപ്പ് മനസിലായവർ പൊലീസിനെ സമീപിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. തട്ടിപ്പില്‍ ഇവർക്കൊപ്പം ആരൊക്കെയുണ്ടെന്നറിയാൻ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങുകയാണ് പൊലീസ്.

















