ശബരിമല സ്വർണക്കൊള്ള കേസില്‍ സംശയ നിഴലില്‍ ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്തും. 2025ലാണ് ദ്വാരപാലക ശില്പങ്ങളില്‍ വീണ്ടും സ്വർണം പൊതിയാൻ നീക്കം നടന്നതെന്ന വാദം തെറ്റാണെന്നും, 2024ലാണ് ദ്വാരപാലക ശില്പങ്ങളില്‍ വീണ്ടും സ്വർണം പൊതിയാൻ നീക്കം നടന്നതെന്നും അതിന് തിടുക്കം കൂട്ടിയെന്നും കണ്ടെത്തല്‍. കോടതി അടക്കമുള്ള നിയമസംവിധാനങ്ങളെ കബളിപ്പിക്കാനുള്ള നാടകമാണ് നടന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മാത്രമല്ല പാളികള്‍ കൊണ്ടുപോയത് മിനിട്സില്‍ ഇല്ലെന്നും നിരീക്ഷിച്ച കോടതി പിഎസ് പ്രശാന്തിന്റെ അധ്യക്ഷതയിലുള്ള ബോർഡിന് ഗുരുതര വീഴ്ച സംഭവിച്ചതായും വ്യക്തമാക്കി.

എസ്.ഐ.ടി.യുടെ അന്വേഷണ പുരോഗതി റിപ്പോർട്ട് പരിഗണിച്ച ശേഷം ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെതിരെ ഗുരുതര പരാമർശങ്ങള്‍ ഉയർന്നിരിക്കുന്നത്. 2024 സെപ്റ്റംബർ 3-ന് തിരുവാഭരണം കമ്മീഷണർ സെക്രട്ടറി ദേവസ്വം സെക്രട്ടറിക്ക് അയച്ച കത്തില്‍ പാളികളില്‍ വലിയ കേടുപാടുകള്‍ സംഭവിച്ചതായും പൊട്ടിപ്പൊളിഞ്ഞ നിലയിലാണെന്നും നിറം മങ്ങിയിട്ടുണ്ടെന്നും പ്ലേറ്റിങ് ഇളകിയതായും ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത് ലഭിച്ച ഉടൻ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് 2024 മണ്ഡലകാലം തുടങ്ങുന്നതിനു മുൻപ്(നവംബറിന് മുമ്ബ്) എത്രയും പെട്ടെന്ന് പാളികള്‍ നന്നാക്കി തിരിച്ചുകൊണ്ടുവരണം എന്ന് നിർദ്ദേശം നല്‍കി.അന്ന് ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു സ്പോണ്‍സർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2024-ല്‍ മണ്ഡലപൂജയ്ക്ക് നട തുറക്കുന്നതിനു മുൻപേ ദ്വാരപാല പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊടുത്തുവിടാനുള്ള എല്ലാ പേപ്പർ വർക്കുകളും ഉത്തരവുകളും പൂർത്തിയാക്കിയിരുന്നു. എന്നാല്‍, ഇത്രയധികം ധൃതി കാണിച്ച്‌ 2024-ല്‍ പാളികള്‍ കൊണ്ടുപോയി അറ്റകുറ്റപ്പണി നടത്തിയില്ല. ഈ ധൃതി കെട്ടിച്ചമച്ച ഒന്നായിരുന്നു എന്നും വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. ജുഡീഷ്യല്‍ സുരക്ഷാ സംവിധാനങ്ങളുടെ കണ്ണുകെട്ടാൻ വേണ്ടിയാണ് 2024-ല്‍ അത്തരമൊരു തിടുക്കം ദേവസ്വം ബോർഡ് കാണിച്ചത് എന്ന് കോടതി ഉത്തരവില്‍ പറയുന്നു.

അതുപോലെ 2025-ല്‍ സ്പെഷ്യല്‍ കമ്മീഷണർ അറിയാതെ പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിടുകയായിരുന്നു. 2024 മുതല്‍ 2025 വരെ പിഎസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡ് നടത്തിയ നടപടികള്‍ അതീവ ദുരൂഹവും സൂക്ഷ്മമായ പരിശോധന അർഹിക്കുന്നതുമാണെന്നും കോടതി വ്യക്തമാക്കി. 2025 സെപ്റ്റംബർ 2-ന് പാളികള്‍ ‘സ്മാർട്ട് ക്രിയേഷൻസി’ല്‍ കൊണ്ടുപോകാൻ ബോർഡ് അനുമതി നല്‍കിയ വിവരങ്ങള്‍ മിനിറ്റ്സില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

നേരത്തെ ശബരിമല ശ്രീകോവില്‍ വാതില്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ കണ്ടെത്തുകയും, വാതിലുകള്‍ ഉണ്ണികൃഷ്ണൻ പോറ്റി തട്ടിയെടുത്തു എന്ന സംശയം ഉയർത്തുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ ഉണ്ണികൃഷ്ണൻ പോറ്റി അന്താരാഷ്ട്ര ക്രിമിനലായ സുഭാഷ് കപൂറിനെപ്പോലെ പുരാവസ്തു കള്ളക്കടത്തുകാരൻ്റെ രീതിയിലുള്ള ഇടപെടലാണോ ശബരിമലയില്‍ നടത്തിയത് എന്ന് കോടതി ചോദിച്ചു.അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ശബരിമലയില്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയില്‍ വലിയ സ്വാതന്ത്ര്യം ലഭിച്ചിരുന്നു. ശ്രീകോവലിലുള്ള ഏത് ഉരുപ്പടിയുടെ അളവെടുക്കാനും അതിൻ്റെ പകർപ്പ് ഉണ്ടാക്കാനുമുള്ള സ്വാതന്ത്ര്യവും അയാള്‍ക്ക് ലഭിച്ചു. അങ്ങനെ എടുക്കുന്ന പകർപ്പുകള്‍ക്ക് അന്താരാഷ്ട്ര ടെംപിള്‍ ആർട്ട് മാർക്കറ്റില്‍ എന്ത് മൂല്യമാണ് ഉള്ളതെന്നും, അത്തരം ഇടപാടുകള്‍ ശബരിമലയുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടോ എന്നും ഹൈക്കോടതി ഗൗരവമായ സംശയം പ്രകടിപ്പിച്ചു. കൂടാതെ എസ്‌ഐടിയോട് വിശദമായ അന്വേഷണം നടത്താനും കോടതി നിർദ്ദേശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക