യുഎസ് തിരഞ്ഞെടുപ്പില്‍ ഇന്ത്യൻ വംശജരായ സൊഹ്റാൻ മംദാനി, ഗസാല ഫിർദൗസ് ഹാഷ്മി തുടങ്ങിയ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികള്‍ നേടിയ മികച്ച വിജയത്തിനു പിന്നാലെ, പ്രത്യേകിച്ച് മുസ്ലിം അംഗങ്ങളെ ലക്ഷ്യമിട്ട് പരാമർശങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായി ലോറ ലൂമർ രംഗത്ത്. ഈ വിജയികളെ ‘ജിഹാദിസ്റ്റുകള്‍’ എന്ന് വിശേഷിപ്പിച്ച അതിവലതുപക്ഷ പ്രവർത്തക, ഇത് അമേരിക്കയുടെ ഇസ്ലാമിക ആധിപത്യമാണെന്നും ഭാവിയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്നമായി മാറുമെന്നും ആരോപിച്ചു.
അധികാരം പിടിച്ചെടുക്കാനും വിമർശകരെ മൗനം അടിച്ചേല്പിക്കാനും മുസ്ലീങ്ങളെ രാഷ്ട്രീയ അക്രമത്തിന് പ്രേരിപ്പിക്കാൻ മംദാനി ശ്രമിക്കുമെന്നും ഈ മാഗ നേതാവ് ആരോപിച്ചു. കഴിഞ്ഞ നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷം ഡോണള്‍ഡ് ട്രംപിന് ആദ്യമായി തിരഞ്ഞെടുപ്പ് പരാജയം സമ്മാനിച്ചതില്‍ ഇന്ത്യൻ മുസ്ലിം പാരമ്ബര്യമുള്ള മൂന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥികള്‍ നിർണായക പങ്കാണ് വഹിച്ചത്.ഇന്ത്യയില്‍ ജനിച്ച ഗസാല ഹാഷ്മിയെ പരാജയപ്പെടുത്താൻ റിപ്പബ്ലിക്കൻ പാർട്ടി മതിയായ ശ്രമം നടത്തിയില്ലെന്ന് ലൂമർ വിമർശിച്ചു.
മുസ്ലിം ഡെമോക്രാറ്റായ ഗസാല ഹാഷ്മി വിർജീനിയ ലെഫ്റ്റനന്റ് ഗവർണർ തിരഞ്ഞെടുപ്പില്‍ വിജയം നേടി. വിർജീനിയയില്‍ സംസ്ഥാനതല പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിതയാണ് അവർ. രാജ്യത്താകമാനം ‘ജിഹാദിസ്റ്റ്’ സ്ഥാനാർത്ഥികളുടെ ഉയർച്ച തടയാൻ റിപ്പബ്ലിക്കൻമാർ ഇന്നലെ രാത്രി ഒന്നും ചെയ്തില്ലെന്നും ലൂമർ എക്സില്‍ കുറിച്ചു. തന്റെ ‘ലൂമർ അണ്‍ലീഷ്ഡ്’ പോഡ്കാസ്റ്റിന്റെ എക്സ് ഹാൻഡിലിലെ മറ്റൊരു പോസ്റ്റില്‍, ഹൈദരാബാദ് സ്വദേശിനിയായ ഹാഷ്മി ശിരോവസ്ത്രം ധരിക്കുന്നതിനെയും ‘അറബി സംസാരിക്കുന്നതിനെയും’ അവർ ചോദ്യം ചെയ്തു.








