ഇടത് സൈബർ ആക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഫേസ്ബുക്ക് കുറിപ്പിലൂടെ സിന്ധു ജോയി രംഗത്ത്. നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് ഫേസ്‌ബുക്കിലെ കുറിപ്പെന്ന് വ്യക്തമാക്കിയ സിന്ധു ജോയി, ആദിത്യനെന്നും റഫീഖ് എന്നും ചില പെണ്‍പേരുകളിലും വരുന്ന വേതാളങ്ങളുടെ സൈബർ ആക്രമണം തന്നോട് വേണ്ടെന്ന് വ്യക്തമാക്കി. സഖാവ് ചെ ഗുവേരയുടെ മുഖചിത്രമൊക്കെ വച്ചാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു വ്യാജന്റെ സൈബർ ആക്രമണം ശ്രദ്ധയില്‍പ്പെട്ടതെന്നും അവർ വിവരിച്ചു.

‘സ്വയം നഷ്ടപ്പെടുത്തി മേല്‍വിലാസം ഇല്ലാതെ പോയവള്‍, ആരും ശ്രദ്ധിക്കപ്പെടാതെ ഭൂലോകത്തിന്റെ ഏതോ കോണില്‍ കഴിയുന്നവള്‍’ അങ്ങനെയങ്ങനെയുള്ള അധിക്ഷേപങ്ങള്‍ക്കും സിന്ധു ജോയി കുറിപ്പില്‍ മറുപടി നല്‍കിയിട്ടുണ്ട്. ബ്രിട്ടീഷ് സിവില്‍ സർവീസിലെ ഓഫീസർ എന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടാനുള്ള പരിമിതി ഉള്ളതുകൊണ്ടാണ് ഫേസ്ബുക്കിലെ ഇടവേളയുടെ കാരണമെന്ന് അവർ വിവരിച്ചു. നിയമപരമായി നേരിടുംസൈബർ ആക്രമണത്തിനെതിരെ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും സിന്ധു ജോയി വ്യക്തമാക്കി. പൊതുരംഗത്തുനിന്ന് മാറിനില്‍ക്കുന്ന ഒരു സ്ത്രീയോട് പുലർത്തേണ്ട മാന്യത നിങ്ങള്‍ കാണിക്കുന്നില്ല. അത് നിയമവിരുദ്ധമാണ്. എൻ്റെ ഫോട്ടോ ദുരുപയോഗിച്ചത് പോലും ശിക്ഷാർഹമായ കുറ്റം തന്നെ. ഇപ്പോഴും ഇന്ത്യൻ പൗരത്വം നിലനിർത്തുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന നിയമപരിരക്ഷ കിട്ടുമെന്നും അവർ കൂട്ടിച്ചേർത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എട്ടര വർഷം മുൻപ് അതിസമ്ബന്നനായ ഒരു ‘പാസ്റ്ററെ’ കല്യാണം കഴിച്ച്‌ അമേരിക്കയില്‍ കുടിയേറി എന്ന പ്രചരണത്തിനും അവർ മറുപടി പറഞ്ഞു. വിവാഹസമയത്ത് ഏതോ ഓണ്‍ലൈൻ മാധ്യമത്തില്‍ വന്ന ഒറ്റവരി വാർത്തയുടെ ചുവടുപിടിച്ചാണ് ആ നരേറ്റീവ്‌. ഭർത്താവ് പാസ്റ്റർ അല്ലെന്നും കത്തോലിക്ക സഭയിലെ ഒരു സാധാരണ വിശ്വാസി മാത്രമാണെന്നും അതിസമ്ബന്നരല്ലെന്നും തൊഴിലെടുത്ത് ജീവിക്കുന്ന സാധാരണക്കാരാണെന്നും സിന്ധു ജോയി കൂട്ടിച്ചേർത്തു. ‘ഞാൻ അനുഭവിച്ച നട്ടുച്ചകളുടെ ചൂടൊന്നും നീയറിഞ്ഞിട്ടില്ല, ഇലക്‌ട്രിക് ലാത്തിയുടെയും ചൂരല്‍ ലാത്തിയുടെയും നൊമ്ബരപ്പാടും നീയൊന്നും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. ഗ്രനേഡ് വീണ് തകർന്ന കാല്പാദവും ജയിലില്‍ കഴിഞ്ഞ ആഴ്ചവട്ടങ്ങളും സ്വകാര്യമായ ഒരു നേട്ടത്തിനും ആയിരുന്നുമില്ല. അതുകൊണ്ട്, തെരെഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ ഇത്തരം പിത്രുശൂന്യതയുമായി ഇനി ഈ വഴി വരരുത്’ – എന്നും സിന്ധു ജോയി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

സിന്ധു ജോയിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തില്‍: നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് ഫേസ്‌ബുക്കിലെ ഈ കുറിപ്പ്. രണ്ടു കാരണങ്ങളായിരുന്നു അതിന് പിന്നില്‍. ബ്രിട്ടീഷ് സിവില്‍ സർവീസിലെ ഓഫീസർ എന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടാനുള്ള പരിമിതി ആയിരുന്നു പ്രധാനകാരണം. വർഗീയമായും രാഷ്ട്രീയമായും പരസ്പരം പാഴ്വാക്കെറിഞ്ഞ് ആത്മരതിയടയുന്ന മുഖമില്ലാത്ത ഒരുകൂട്ടരുടെ ലാവണമായി സോഷ്യല്‍ മീഡിയ താഴ്ന്നടിഞ്ഞു പോയതാണ് രണ്ടാമത്തെ കാരണം.പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന് ഓലിയിടുന്ന കുറുക്കന്മാരെപോലെ, പകല്‍ വെളിച്ചത്തില്‍ മുഖം കാണിക്കാത്ത ചില സൃഗാലസന്തതികള്‍ ഒറ്റയ്ക്കും തെറ്റയ്ക്കും എന്റെ പേരു പറഞ്ഞ് ഇടയ്ക്കിടെ അപശബ്ദം കേള്‍പ്പിക്കും. ആദിത്യനെന്നും റഫീഖ് എന്നും ചില പെണ്‍പേരുകളിലും ഇത്തരം വേതാളങ്ങളുടെ പ്രൊഫൈല്‍ അവതാരങ്ങള്‍. ഇവരോടൊക്കെ പ്രതികരിക്കണോ എന്ന് ചോദിച്ചേക്കാം; ക്ഷമയ്ക്കുമില്ലേ ഒരു പരിധിയൊക്കെ?സഖാവ് ചെ ഗുവേരയുടെ മുഖചിത്രമൊക്കെ വച്ചാണ് കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ഇത്തരമൊരു വ്യാജന്റെ അരങ്ങേറ്റം. ഇടതുപക്ഷം എന്ന മുഖംമൂടി അണിഞ്ഞാണ് ആ അഴിഞ്ഞാട്ടമെന്നതാണ് സങ്കടകരം. ബോധപൂർവം ചിലകേന്ദ്രങ്ങളില്‍ രൂപപ്പെടുന്ന ചില നെറികെട്ട ഇടപെടലുകളാണ് ഇതെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ എൻ്റെ ഈ പ്രതികരണം.

എന്നെ പരിചയപ്പെടുത്താൻ അയാള്‍ ഉപയോഗിച്ച വിശേഷണങ്ങള്‍ അപാരം! “സ്വയം നഷ്ടപ്പെടുത്തി മേല്‍വിലാസം ഇല്ലാതെ പോയവള്‍, ആരും ശ്രദ്ധിക്കപ്പെടാതെ ഭൂലോകത്തിന്റെ ഏതോ കോണില്‍ കഴിയുന്നവള്‍”, അങ്ങനെയങ്ങനെ…എന്റെ പ്രിയപ്പെട്ട സുഹൃത്തും എഴുത്തുകാരിയുമായ കബനി ആണ് ഇതെന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഒരു പൊട്ടിചിരിയില്‍ പ്രതികരണം അവസാനിപ്പിക്കാനാണ് ആദ്യം ഞാൻ ആലോചിച്ചത്.മുഖം നഷ്ടപ്പെട്ട ചില വികലജന്മങ്ങള്‍ ആ പോസ്റ്റിനടിയില്‍ കമന്റിട്ടും അർമാദിക്കുന്നത് കണ്ടു; വസ്തുതാവിരുദ്ധവും അപകീർത്തികരവുമായ കമന്റുകള്‍. ഇത്തരത്തില്‍ അപകീർത്തിപ്പെടുത്താൻ ഒരുമ്ബെടുന്നവരോട് ഒന്നേ പറയാനുള്ളൂ; നിയമത്തിന്റെ ഏതറ്റം വരെയും ഞാൻ പോകും. പൊതുരംഗത്തുനിന്ന് മാറിനില്‍ക്കുന്ന ഒരു സ്ത്രീയോട് പുലർത്തേണ്ട മാന്യത നിങ്ങള്‍ കാണിക്കുന്നില്ല. അത് നിയമവിരുദ്ധവുമാണ്. എൻ്റെ ഫോട്ടോ ദുരുപയോഗിച്ചത് പോലും ശിക്ഷാർഹമായ കുറ്റം തന്നെ. ഇപ്പോഴും ഇന്ത്യൻ പൗരത്വം നിലനിർത്തുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന നിയമപരിരക്ഷ എനിക്കുണ്ട്.

ഇനി, ആദിത്യന്മാരുടെ അറിവിലേക്കായി ചില കാര്യങ്ങള്‍. ഞാൻ എട്ടര വർഷം മുൻപ് അതിസമ്ബന്നനായ ഒരു ‘പാസ്റ്ററെ’ കല്യാണം കഴിച്ച്‌ അമേരിക്കയില്‍ കുടിയേറി എന്നതാണ് ഒരു കഥ. വിവാഹസമയത്ത് ഏതോ ഓണ്‍ലൈൻ മാധ്യമത്തില്‍ വന്ന ഒറ്റവരി വാർത്തയുടെ ചുവടുപിടിച്ചാണ് ആ നരേറ്റീവ്‌. ഒന്നാമത്, എൻ്റെ ഭർത്താവ് പാസ്റ്റർ അല്ല; കത്തോലിക്ക സഭയിലെ ഒരു സാധാരണ വിശ്വാസി മാത്രം. രണ്ടാമത്, ഞങ്ങള്‍ അതിസമ്ബന്നരല്ല, മറിച്ച്‌, തൊഴിലെടുത്തു ജീവിക്കുന്ന സാധാരണക്കാർ. അമേരിക്കയും ബ്രിട്ടനും പോലും തിരിച്ചറിയാത്ത കൂശ്മാണ്ടങ്ങളാണൊ ഇങ്ങനെ കമന്റ് ഇടുന്നത്? ആയിരക്കണക്കിന് മലയാളികള്‍ക്കിടയിലാണ് ഞങ്ങള്‍ ഈ രാജ്യത്ത് ജീവിക്കുന്നത്; ആരോടെങ്കിലും ഒന്ന് ചോദിച്ചാല്‍ പോരെ?ഞാൻ പാർട്ടി വിടാനുണ്ടായ കാരണങ്ങള്‍ പലതുണ്ട്; ഇതിനു മുൻപ് പലയിടത്തായി അത് സൂചിപ്പിച്ചിട്ടുമുണ്ട്. ആ ചുവടുമാറ്റത്തിലെ നൈതികതയുടെ പ്രശ്നം അപ്പോള്‍ത്തന്നെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. കുറച്ചേറെ കാര്യങ്ങള്‍ ഇനിയും പറയാനുണ്ട്. അത്, ഇപ്പോള്‍ ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥയുടെ ഏടുകളില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

മുഖവും വ്യക്തിത്വവുമില്ലാത്ത ഇത്തരം ആദിത്യന്മാരോടാണ്: ഞാൻ അനുഭവിച്ച നട്ടുച്ചകളുടെ ചൂടൊന്നും നീയറിഞ്ഞിട്ടില്ല, ഇലക്‌ട്രിക് ലാത്തിയുടെയും ചൂരല്‍ ലാത്തിയുടെയും നൊമ്ബരപ്പാടും നീയൊന്നും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. ഗ്രനേഡ് വീണ് തകർന്ന കാല്പാദവും ജയിലില്‍ കഴിഞ്ഞ ആഴ്ചവട്ടങ്ങളും സ്വകാര്യമായ എൻ്റെ ഒരു നേട്ടത്തിനും ആയിരുന്നുമില്ല.അതുകൊണ്ട് സഹോ, തെരെഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ ഇത്തരം പിത്രുശൂന്യതയുമായി ഇനി ഈ വഴി വരരുത്.ഇത്, സിന്ധു ജോയി ആണ്.ലാല്‍ സലാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക