സംസ്ഥാനത്തെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച്‌ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. രാഷ്ട്രീയപാർട്ടികള്‍ക്ക് നാല് പട്ടികകളിലായാണ് ചിഹ്നം അനുവദിച്ചിട്ടുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള ആറ് ദേശീയപാർട്ടികളെ പട്ടിക ഒന്നിലും, ആറ് കേരള സംസ്ഥാന പാർട്ടികളെ പട്ടിക രണ്ടിലും ഉള്‍പ്പെടുത്തിയാണ് ചിഹ്നം അനുവദിച്ചിട്ടുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള ചിഹ്നങ്ങളാണ് ആ പാർട്ടികള്‍ക്ക് നല്‍കിയിട്ടുള്ളത്.

മൂന്നാംപട്ടികയില്‍, മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത പാർട്ടികളും കേരള അസംബ്ലിയിലൊ സംസ്ഥാനത്തെ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലൊ അംഗങ്ങളുളളതും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റർചെയ്തിട്ടുളളതുമായ 28 രാഷ്ട്രിയ പാർട്ടികള്‍ക്കും ചിഹ്നം അനുവദിച്ചിട്ടുണ്ട്.പട്ടിക നാലിലുള്ള 74 സ്വതന്ത്ര ചിഹ്നങ്ങളില്‍ 1, 2, 3 പട്ടികകളില്‍ ഉള്‍പ്പെടാത്തതും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റർ ചെയ്തിട്ടുളളതുമായ രാഷ്ട്രിയ പാർട്ടികള്‍ക്ക് മുൻഗണനാ അടിസ്ഥാനത്തില്‍ സ്വതന്ത്ര ചിഹ്നങ്ങള്‍ അനുവദിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥികള്‍ ഉള്‍പ്പെടെ മറ്റേതെങ്കിലും സ്ഥാനാർത്ഥികള്‍ക്ക് പട്ടിക 4-ല്‍ നിന്ന് ഒരു ചിഹ്നം നല്‍കും. വിജ്ഞാപനം http://www.sec.kerala.gov.in വെബ് സൈറ്റില്‍ പരിശോധിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • ഒന്നാം പട്ടികയില്‍ ദേശീയ പാർട്ടികളായ ആം ആദ്മി പാർട്ടി ( ചൂല്) , ബഹുജൻ സമാജ് പാർട്ടി ( ആന), ഭാരതീയ ജനതാ പാർട്ടി (താമര), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും), ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് (കൈ), നാഷണല്‍ പീപ്പിള്‍സ് പാർട്ടി (പുസ്തകം) എന്നിവ
  • രണ്ടാം പട്ടികയില്‍ കേരള സംസ്ഥാന പാർട്ടികളായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( ധാന്യക്കതിരും അരിവാളും), ജനതാദള്‍ (സെക്യുലർ) ( തലയില്‍ നെല്‍ക്കതിരേന്തിയ കർഷക സ്ത്രീ), ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഏണി), കേരള കോണ്‍ഗ്രസ് (എം) ( രണ്ടില), കേരളകോണ്‍ഗ്രസ് ( ഓട്ടോറിക്ഷ), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (മണ്‍വെട്ടിയും മണ്‍കോരിയും) എന്നിവർക്കും ചിഹ്നങ്ങള്‍ അനുവദിച്ചു.
  • മൂന്നാം പട്ടികയില്‍ ഉള്ള പാർട്ടികളും അവർക്ക് അനുവദിച്ച ചിഹ്നം ബ്രാക്കറ്റിലുമായി ചേർക്കുന്നു: ഓള്‍ ഇന്ത്യ അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) (തൊപ്പി), ഓള്‍ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്(സിംഹം), ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് (പൂക്കളും പുല്ലും), ഭാരത് ധർമ്മ ജനസേന (ബി.ഡി.ജെ.എസ്) (മണ്‍പാത്രം) , സിപിഐ (എംഎല്‍) റെഡ് സ്റ്റാർ (മണി) , കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി സെൻട്രല്‍ കൗണ്‍സില്‍ (സിപി ജോണ്‍ വിഭാഗം) (നക്ഷത്രം), കോണ്‍ഗ്രസ് (സെക്യുലർ) (കായ്ഫലമുള്ള തെങ്ങ്), ദ്രാവിഡ മുന്നേറ്റ കഴകം (ഉദയസൂര്യൻ), ഇന്ത്യൻ നാഷണല്‍ ലീഗ് (ഐഎൻഎല്‍) (ത്രാസ്), ജനതാദള്‍ (യുണൈറ്റഡ്) (അമ്ബ് ), ജനാധിപത്യ കേരള കോണ്‍ഗ്രസ് (സ്കൂട്ടർ), കേരള കോണ്‍ഗ്രസ് (ബി) (ബസ്), കേരള കോണ്‍ഗ്രസ് (ജേക്കബ്) (ബാറ്ററി ടോർച്ച്‌), ലോക് ജനശക്തി പാർട്ടി (എല്‍ജെപി) (ബംഗ്ലാവ്), മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്) (ഫ്ളാഗ്), നാഷണല്‍ സെക്കുലർ കോണ്‍ഫറൻസ് (ഗ്ലാസ് ടംബ്ലർ), നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (ക്ലോക്ക് ), നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി-ശരദ്ചന്ദ്ര പവാർ (ടർഹയൂതുന്ന പുരുഷൻ), പീപ്പിള്‍സ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) (ബോട്ട്), രാഷ്ട്രീയ ജനതാദള്‍ (റാന്തല്‍ വിളക്ക്), രാഷ്ട്രീയ ലോക് ദള്‍ പാർട്ടി (കൈപ്പമ്ബ്), രാഷ്ട്രീയ ലോക് സമത പാർട്ടി (സീലിംഗ് ഫാൻ), റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(ഫുട്ബോള്‍), സമാജ്‌വാദി പാർട്ടി (എസ് പി) (സൈക്കിള്‍), ശിവസേന (എസ്‌എസ്) (വില്ലും അമ്ബും), സോഷ്യല്‍ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) (കണ്ണട), ട്വന്റി 20 പാർട്ടി (മാങ്ങ), വെല്‍ഫെയർ പാർട്ടി ഓഫ് ഇന്ത്യ (ഗ്യാസ് സിലിണ്ടർ)
  • പട്ടിക നാലിലെ സ്വതന്ത്ര ചിഹ്നങ്ങളും ബ്രാക്കറ്റില്‍ മുൻഗണനാടിസ്ഥാനത്തില്‍ ചിഹ്നങ്ങള്‍ ലഭിച്ച രാഷ്ട്രീയപാർട്ടികളും: അലമാര, ആന്റിന, ആപ്പിള്‍(കേരള ജനപക്ഷം (സെക്യുലർ) ), കോടാലി, ബലൂണ്‍, ബെഞ്ച്, ബ്ളാക്ക് ബോർഡ്(മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) (റെഡ് ഫ്ലാഗ്) , ബോട്ടില്‍, ബ്രീഫ്കേസ്, ബ്രഷ്, ബക്കറ്റ്, ക്യാമറ, മെഴുകുതിരികള്‍, കാർ, കാരം ബോർഡ്, കാരറ്റ്, കൈവണ്ടി, കസേര(ഇക്വാളിറ്റി പാർട്ടി ഓഫ് ഇന്ത്യ), ചെണ്ട(കേരള പ്രവാസി അസോസിയേഷൻ), കോട്ട്, ശംഖ് (കേരള ജനപക്ഷം), ക്രിക്കറ്റ് ബാറ്റ് ( കേരള റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്-മാർക്സിസ്റ്റ്)) , വിളവെടുക്കുന്ന കർഷകൻ (ഇന്ത്യൻ ജസ്റ്റിസ് ഡെമോക്രാറ്റിക് പാർട്ടി) , കപ്പുും സോസറും, വൈദ്യുത ബള്‍ബ്, ഇലക്‌ട്രിക് സ്വിച്ച്‌, എരിയുന്ന പന്തം, ഓടക്കുഴല്‍ (ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് പാർട്ടി) , ഗ്യാസ് സ്റ്റൗ, മുന്തിരിക്കുല(ഇന്ത്യൻ ക്രിസ്ത്യൻ ഫ്രണ്ട്), ഹാർമോണിയം, ഹെല്‍മെറ്റ്, ഹോക്കി സ്റ്റിക്കും പന്തും, കുടില്‍ (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് പാർട്ടി ഓഫ് ഇന്ത്യ) , മഷിക്കുപ്പിയും പേനയും, ഇസ്തിരിപ്പെട്ടി, ജീപ്പ് (ന്യൂ ലേബർ പാർട്ടി), കെറ്റില്‍, പട്ടം (ഭാരതീയ നാഷണല്‍ ജനതാദള്‍), ലാപ്ടോപ്പ്,എഴുത്ത്പെട്ടി, താഴും താക്കോലും (റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ), മൊബൈല്‍ ഫോണ്‍ (പ്രവാസി നിവാസി പാർട്ടി), പൈനാപ്പിള്‍, കലപ്പ (സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ) , പ്രഷർ കുക്കർ, തീവണ്ടി എഞ്ചിൻ, മോതിരം, റോസാപൂവ് (ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി (എഐഎസ്‌എംകെ)), റബ്ബർ സ്റ്റാമ്ബ്, കത്രിക, തയ്യല്‍മെഷീൻ (റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ)) , കപ്പല്‍, സ്ലേറ്റ്, സ്റ്റെതസ്കോപ്പ്, സ്റ്റൂള്‍, മേശ, ടേബിള്‍ഫാൻ (ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാർട്ടി) , മേശവിളക്ക്, ടെലിഫോണ്‍ (ഭാരതീയ ജനശബ്ദ് (ബിജെഎസ്)) , ടെലിവിഷൻ (കേരള ഡെമോക്രാറ്റിക് പാർട്ടി), ടെന്നീസ് റാക്കറ്റ്, പെരുമ്ബറ (സമാജ്‌വാദി ജന പരിഷത്ത്) , പമ്ബരം, വൃക്ഷം (ഇന്ത്യൻ ലേബർ പാർട്ടി (അംബേദ്കർ ഫൂലെ)) , ട്രംപറ്റ്, കോർത്തിരിക്കുന്ന രണ്ടു വാള്‍ (ഭാരതീയ ജവാൻ കിസാൻ പാർട്ടി(ബിജെകെപി)), രണ്ട് വാളും ഒരു പരിചയും (ഹിന്ദുസ്ഥാൻ നാഷണല്‍ പാർട്ടി) ,കുട, വയലിൻ, പമ്ബ്, ടാപ്പ്, വിസില്‍ (സ്വരാജ് ഇന്ത്യ പാർട്ടി) , ജനൽ.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക