കേരളം ഉള്‍പ്പെടെ ഒമ്ബത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമായി പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയക്ക് (Special Intensive Revision – SIR) ഇന്ന് തുടക്കമാകും. ബീഹാറില്‍ എസ്‌ഐആർ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കിയതിന് പിന്നാലെയാണ് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. എസ്‌ഐആറുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ വിവിധ കോണുകളില്‍ നിന്നും ഉയരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ക്രമങ്ങളുമായി മുന്നോട്ടു പോകുന്നത്.
എല്ലാ ബൂത്ത് തലങ്ങളിലും ബിഎല്‍ഒമാർ വീടുകളിലെത്തി എന്യൂമറേഷൻ ഫോറങ്ങള്‍ പൂരിപ്പിച്ച് വോട്ടർമാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. ഈ പ്രക്രിയ ഡിസംബർ 4 വരെ തുടരും. തുടർന്ന് ഡിസംബർ 9-ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. കരട് പട്ടികയ്‌ക്കെതിരെ ജനുവരി 9 വരെ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാം.
കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഗോവ എന്നീ സംസ്ഥാനങ്ങളും പുതുച്ചേരി, ആൻഡമാൻ-നിക്കോബാർ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളുമാണ് എസ്‌ഐആറില്‍ ഉള്‍പ്പെടുന്നത്.അടുത്തവർഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ ഈ എസ്‌ഐആർക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അതേസമയം, അസമിനെ പ്രക്രിയയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പൗരത്വ പരിശോധന തുടരുന്നതിനാല്‍ അസമിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേകം ഉത്തരവിറക്കും.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഒമ്ബതാമത്തെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമാണ് ഇതെന്നതും ശ്രദ്ധേയമാണ്. അവസാനമായി ഇത് 2002-2004 കാലയളവില്‍ നടന്നിരുന്നു. രാജ്യമൊട്ടാകെ ഈ പ്രക്രിയയില്‍ ഏകദേശം 51 കോടി വോട്ടർമാരാണ് ഉള്‍പ്പെടുന്നത്. മൂന്ന് മാസത്തോളം നീളുന്ന വോട്ടർപട്ടിക ശുദ്ധീകരണം 2025 ഫെബ്രുവരി 7-ന് പൂർത്തിയാകും.

















