നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായ തദ്ദേശ തിരഞ്ഞെടുപ്പില്‍ അരയും തലയും മുറുക്കി ജീവന്മരണ പോരാട്ടത്തിലാണ് യു.ഡി.എഫ്. രണ്ടു ടേമായി ഭരണം ഇല്ലാത്തതിന്റെ എല്ലാ പ്രശ്നങ്ങളും കോണ്‍ഗ്രസിനും ഘടകകക്ഷികള്‍ക്കുമുണ്ട്.ഇത്തവണ ഏതു വിധേനയും നിയമസഭാ തിരഞ്ഞെടുപ്പ് ജയിക്കുകയാണ് ലക്ഷ്യം. അതിന്റെ ആദ്യ ചുവടാണ് തദ്ദേശ തിരഞ്ഞെടുപ്പ്.പരമാവധി വാർഡുകളിലും തദ്ദേശ സ്ഥാപനങ്ങളിലും വിജയിച്ച്‌ താഴേത്തട്ടില്‍ ജനസ്വാധീനം ഉറപ്പാക്കുകയാണ് ലക്ഷ്യം.

മൂന്ന് മുൻ എം.എല്‍.എമാരെയാണ് ഇത്തവണ കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. ഇതില്‍ നിന്നു തന്നെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വ്യക്തമാവും. തൃശൂരിലെ അടാട്ട് ഗ്രാമപഞ്ചായത്തില്‍ അനില്‍ അക്കരയും തിരുവനന്തപുരം കോർപ്പറേഷൻ കവടിയാർ വാർഡില്‍ കെ.എസ്.ശബരീനാഥനും.ഇടുക്കി കട്ടപ്പന നഗരസഭയിലേക്ക് ഉടുമ്ബൻചോല മുൻ എം.എല്‍.എ ഇ.എം. ആഗസ്തിയാണ് മത്സരിക്കുക. ശബരീനാഥനെ മേയർ സ്ഥാനാർത്ഥി എന്ന നിലയില്‍ തന്നെ അവതരിപ്പിക്കുന്നതും ശ്രദ്ധേയമാണ്.അനില്‍ അക്കര മുമ്ബ് അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചിട്ടുള്ള ആളുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനൊപ്പം തന്നെയാണ് എഐസിസി സെക്രട്ടറിയും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. അനില്‍ തോമസ് പത്തനംതിട്ട നഗരസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്.ആറു കോർപ്പറേഷനുകളുടെ തിരഞ്ഞെടുപ്പ് ചുമതല അനുഭവ സമ്ബന്നരായ ആറു നേതാക്കള്‍ക്കാണ്. തലസ്ഥാന കോർപ്പറേഷനില്‍ കെ. മുരളീധരനാണ് എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത്.മുൻ മന്ത്രി വി.എസ്. ശിവകുമാർ (കൊല്ലം), വി.ഡി. സതീശൻ (എറണാകുളം), ബെന്നി ബഹനാൻ എം.പി (തൃശൂർ), രമേശ് ചെന്നിത്തല (കോഴിക്കോട്), കെ.സുധാകരൻ എം.പി (കണ്ണൂർ) എന്നിങ്ങനെയാണ് കോർപ്പറേഷനുകളുടെ ചുമതല.

സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ആശയമാണ് പുതിയ തന്ത്രം.യു.ഡി.എഫ് എന്ന നിലയ്ക്ക് ഒറ്റക്കെട്ടായ മുന്നേറ്റത്തില്‍ ജാഗരൂകരായിരിക്കുമ്ബോഴും കോണ്‍ഗ്രസിന്റെ അടിത്തട്ടു മുതല്‍ പ്രവർത്തന രംഗത്ത് സജീവമാക്കാനും പാർട്ടി നേതൃത്വം ശ്രദ്ധിക്കുന്നു.യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരം കൊടുക്കാനും സാമുദായിക സംഘടനകളുടെ പരിഭവങ്ങള്‍ക്ക് ചെവികൊടുക്കാനും ശ്രദ്ധിച്ചതും പുതിയ തന്ത്രങ്ങളുടെ ഭാഗമാണ്.പരമാവധി തദ്ദേശ സ്ഥാപനങ്ങളില്‍ തർക്കങ്ങളില്ലാതെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കാൻ സാധിച്ചതും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം സമീപകാല ചരിത്രത്തിലെ വലിയ നേട്ടമായി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ അത്ഭുതം സൃഷ്ടിക്കുക മാത്രമല്ല കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇപ്പോഴത്തെ പ്രവർത്തനങ്ങളിലൂടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പാർട്ടി മെഷീനറിയെ കൂടുതല്‍ ചലനാത്മകമാക്കുക കൂടിയാണ്.ഭരണത്തില്‍ നീണ്ട ഇടവേള ഉണ്ടായതിന്റെ ക്ഷീണം കോണ്‍ഗ്രസിനും ഘടകകക്ഷികള്‍ക്കും നല്ല ബോദ്ധ്യമുണ്ട്. കോർപറേഷനുകളില്‍ കൈവശമുള്ള കണ്ണൂർ നിലനിർത്തുന്നതിനൊപ്പം കൊച്ചി തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയുമുണ്ട്.ആഞ്ഞുപിടിച്ചാല്‍ തൃശൂരിലും കൊല്ലത്തും ഭരണത്തിലേറാമെന്നാണു വിലയിരുത്തല്‍. കോഴിക്കോട്ടും കഴിഞ്ഞതവണ മൂന്നാം സ്ഥാനത്തായ തിരുവനന്തപുരത്തും നില മെച്ചപ്പെടുത്തി മുന്നേറാമെന്നും കണക്കുകൂട്ടുന്നു.

ജില്ലാ പഞ്ചായത്തുകളില്‍ 8 – 9 ആണ് യുഡിഎഫിന്റെ പ്രതീക്ഷ. നിലവില്‍ ഭരണത്തിലുള്ള എറണാകുളം, മലപ്പുറം, വയനാട് എന്നിവയ്ക്കു പുറമേ കാസർകോട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഉറച്ച വിജയപ്രതീക്ഷയുണ്ട്.കോട്ടയത്തും തൃശൂരിലുമുള്‍പ്പെടെ മുന്നേറ്റം പ്രതീക്ഷിക്കുന്നുമുണ്ട്. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ ആയി വിലയിരുത്തപ്പെടുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്തുക എന്നതാണ് ഇതിലൂടെ കോണ്‍ഗ്രസ്‌ ലക്ഷ്യം വയ്ക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക