ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായി സൂചന. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട വിജയ് മല്യ ശബരിമലയില്‍ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളാണ് കാണാതായത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ ഈ രേഖകള്‍ കണ്ടെത്താനായില്ല. രേഖകള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ലായിരുന്നു.
അതേസമയം സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നിർണായക ഘട്ടത്തിലേക്ക് പോകുന്നതിനിടെയാണ് 1998 – 99 കാലത്തെ രേഖകളാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. രേഖകള്‍ കണ്ടെത്താൻ എക്‌സിക്യൂട്ടീവ് ഓഫീസറുടെയും ദേവസ്വം കമ്മീഷണറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിരുന്നു.
ഇവർ പരിശോധന നടത്തിയിട്ടും രേഖകള്‍ കണ്ടെത്താൻ സാധിച്ചില്ല. ദേവസ്വം ബോർഡ് ആസ്ഥാനത്തും പമ്ബയിലും ആറൻമുളയിലുമുള്‍പ്പടെ പരിശോധനകള്‍ നടത്തിയിരുന്നു. അന്വേഷണ സംഘം അരിച്ചുപെറുക്കിയിട്ടും രേഖകള്‍ കാണാതായതോടെ സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് നിലവിലെ ദേവസ്വം ബോർഡും സംശയിക്കുന്നുണ്ട്.

















