കോട്ടയം ഡിസിസി ഉപാധ്യക്ഷനും കോൺഗ്രസ് പാർട്ടിയുടെ ജില്ലയിലെ മുതിർന്ന നേതാവുമായ എ കെ ചന്ദ്രമോഹൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 9 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഗാന്ധിദർശൻ വേദിയുടെ സംസ്ഥാന സെക്രട്ടറി, സേവാദൾ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചുവന്നിരുന്ന കെ സി അവസാനശ്വാസം വരെ പാർട്ടിയെ സേവിച്ച ഉത്തമ കോൺഗ്രസ് നേതാവായിരുന്നു എന്ന് നിസ്സംശയം പറയാം.
സഹധർമ്മിണിയായ വിജയമ്മ പാലാ ചൊള്ളാനിക്കൽ കുടുംബാംഗമാണ്. മക്കൾ: വിനു (സോഫ്റ്റ്‌വെയർ എൻജിനീയർ – ബാംഗ്ലൂർ), വിന്ദു (സുലഭ കാഞ്ഞിരപ്പള്ളി). മരുമക്കൾ: സ്വപ്ന, അജു. മൃതദേഹം ഇന്ന് (വെള്ളിയാഴ്ച, 24/10/2025) വൈകുന്നേരം നാലുമണിയോടെ വീട്ടിലെത്തിക്കും. സംസ്കാരം ശനിയാഴ്ച.
നേതാക്കളുടെ വിശ്വസ്തൻ, പാലായിൽ എ ഗ്രൂപ്പിന്റെ സൈന്യാധിപൻ
മിനച്ചിൽ പഞ്ചായത്ത് അംഗം, ഭരണങ്ങാനം ദേവസ്വം പ്രസിഡൻറ് എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലം പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടായിരുന്നു. പാർട്ടിയിൽ ഗ്രൂപ്പ് യുദ്ധങ്ങൾ കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് പാലായിലെ എ ഗ്രൂപ്പിന്റെ ഒന്നാം നമ്പർ നേതാവായി നിലകൊണ്ടിരുന്ന വ്യക്തിത്വമാണ് അദ്ദേഹം. ഉമ്മൻചാണ്ടി കെഎം മാണി തിരുവഞ്ചൂർ രാധാകൃഷ്ണൻ കെ സി ജോസഫ് തുടങ്ങിയ പ്രമുഖ നേതാക്കളുമായി ഏറെ ആത്മബന്ധം പുലർത്തിയിരുന്ന വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം.

















