കൊച്ചിയില്‍ മരണപ്പാച്ചിലിനിടെ ആഡംബരക്കാർ വഴിയരികില്‍ നിർത്തിയിട്ട കാറുകള്‍ ഇടിച്ചു തെറിപ്പിച്ചു. മദ്യലഹരിയില്‍ വാഹനങ്ങള്‍ ഇടിച്ച് തകർത്തിട്ടും കാർ നിർത്താതെ പോയി. എന്നാല്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കാർ ഓടിച്ച കൊട്ടാരക്കര സ്വദേശി നിജീഷിനെതിരെ പൊലീസ് കേസെടുത്തു. അപകടത്തില്‍ കാറകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ലെന്നത് ആശ്വാസമായി.
കഴിഞ്ഞ 19ആം തിയതി പുലർച്ചെ ഒരു മണി. തിരക്കൊഴിഞ്ഞിരുന്നില്ല നഗര ഹൃദയത്തില്‍. എംജി റോഡില്‍ നിരനിരയായി നിർത്തിയിട്ട കാറുകളിലേക്ക് മറ്റൊരു വാഹനം പാഞ്ഞുകയറി. നിജീഷ് മദ്യപിച്ചിരുന്നു. ചുറ്റും നിന്നവർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും തുടർച്ചയായി നാല് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു. ഒടുവില്‍ പ്രദേശത്തുണ്ടായിരുന്നവർ ഓടികൂടിയാണ് നിജീഷിന്റെ വാഹനം തടഞ്ഞ് നിർത്തിയത്. കാറുകള്‍ക്കുള്ളില്‍ ഡ്രൈവർമാരും യാത്രക്കാരും ഉണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരിക്കില്ല.
വിവരമറിഞ്ഞെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പരിശോധനയിലും തെളിഞ്ഞു.നാല് വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യുകയാണ് നിജീഷ്. സുഹൃത്തിന്റെ വിവാഹത്തിനായി കൊച്ചിയില്‍ വന്നതാണ്. ആഘോഷത്തിന്റെ ഭാഗമായി മദ്യപിച്ചു. എന്നാല്‍ കാറെടുത്തുള്ള യാത്ര റോഡില്‍ പരാക്രമമായി. മദ്യപിച്ച് ബോധം പോയെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. അപകടം പിടിച്ച രീതിയില്‍ വാഹനം ഓടിച്ചതിന് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.

















