പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെ ‘തത്ത്വമസി’ എന്ന വാക്കിന്റെ അർത്ഥം വ്യാഖ്യാനിച്ച ദേവസ്വം മന്ത്രി വി എൻ വാസവന് നാക്കുപിഴ. തത്ത്വമസിയുടെ അർത്ഥമായ ‘അത് നീ ആകുന്നു’ എന്നതിന് പകരം മന്ത്രി പറഞ്ഞത് ‘ഞാൻ നീ ആകുന്നു’ എന്നായിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഓഫീസ് എറിഞ്ഞു തകർത്തതിനെതിരെ എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ശബരിമലയില്‍ പോയവർക്കറിയാം അവിടെ ആദ്യം എഴുതിവച്ചിരിക്കുന്നത് ‘തത്ത്വമസി’ എന്നാണ്. ഞാൻ നീ ആകുന്നു എന്നാണ് അതിന്റെ അർത്ഥം. ശബരിമലയില്‍ വരുന്ന ഓരോ ഭക്തനും അയ്യപ്പനാണ്. ഭക്തനും അയ്യപ്പനും തമ്മില്‍ വ്യത്യാസമില്ലെന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഏക തീർത്ഥാടനകേന്ദ്രം ശബരിമലയാണെന്ന് നാം അഭിമാനത്തോടെ ചൂണ്ടിക്കാണിക്കുകയാണ്’- എന്നായിരുന്നു മന്ത്രി പറഞ്ഞത്.
യു.ഡി.എഫ് വർഗീയ കലാപത്തിന് ശ്രമിക്കുകയാണെന്നും മന്ത്രി യോഗത്തില്‍ ആരോപിച്ചു. യു.ഡി.എഫ് ഭരണകാലത്ത് നിരവധി വർഗീയ കലാപങ്ങള്‍ ഉണ്ടായി. കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തില്‍ വർഗീയ കലാപം ഉണ്ടായിട്ടില്ല. കേരളത്തില്‍ മതനിരപേക്ഷത സ്വീകരിക്കുന്ന സർക്കാരാണുള്ളത്. ആഗോള അയ്യപ്പ സംഗമം അതിന്റെ ലക്ഷ്യം കണ്ടു. പരിപാടി നടത്താതിരിക്കാൻ ചില ആളുകള്‍ സുപ്രീംകോടതി വരെ പോയി. എന്നാല്‍ കോടതി നടത്താൻ അനുമതി നല്‍കി. മുഖ്യമന്ത്രിയെ ക്ഷണിച്ചത് പോലെ പ്രതിപക്ഷ നേതാവിനെയും ക്ഷണിക്കാൻ പോയി. ബോർഡ് അംഗങ്ങള്‍ പോയപ്പോള്‍ പ്രതിപക്ഷ നേതാവ് കതക് അടച്ചു കിടന്നു. ഇത്ര വില കുറഞ്ഞ രീതിയിലേക്ക് പ്രതിപക്ഷ നേതാവ് പോകണോ എന്നും മന്ത്രി ചോദിച്ചു.

















