ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചതിന്റെ വിശദാംശങ്ങൾ പുറത്ത്. 2023-ല്‍ അയച്ച സമൻസിന്റെ പകർപ്പാണ് പുറത്ത് വന്നത്.വിവേക് കിരണ്‍, ‘സണ്‍ ഓഫ് പിണറായി വിജയൻ, ക്ലിഫ് ഹൗസ്, തിരുവനന്തപുരം’ എന്ന വിലാസത്തിലാണ് സമൻസ് അയച്ചത്.

നയതന്ത്ര സ്വർണക്കള്ളക്കടത്ത് കേസിനോടനുബന്ധിച്ച്‌ ഇ.ഡി നടത്തിയ അന്വേഷണത്തിനിടെ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ ഭാഗമായി തന്നെയാണിത് അയച്ചതെന്ന് സൂചനയുണ്ട്.അന്നത്തെ കൊച്ചി ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ പി. കെ. ആനന്ദ് 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് ഹാജരാകാനായി സമൻസ് പുറപ്പെടുവിച്ചു. എന്നാല്‍ വിവേക് ഹാജരായില്ല. അതേ ഓഫിസില്‍ മൂന്നു ദിവസം നീണ്ട ചോദ്യംചെയ്യലിന് ശേഷം അന്നേ രാത്രി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമൻസിലെ വിവരങ്ങള്‍ പ്രകാരം, വിവേക് കിരണിന്റെ സാന്നിധ്യം അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ അനിവാര്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാജരാകുമ്ബോള്‍ ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, സ്വത്തുക്കളുടെ രേഖകള്‍ തുടങ്ങിയവ സമർപ്പിക്കണമെന്ന നിർദ്ദേശവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.’കെസിസെഡ്‌ഒ/2023/769′ എന്ന നമ്ബറിലാണ് സമൻസ് പുറപ്പെടുവിച്ചത്. കൊച്ചി സോണല്‍ ഓഫിസിനെയാണ് ‘കെസിസെഡ്‌ഒ’ സൂചിപ്പിക്കുന്നത്. ഇ.ഡിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ‘വെരിഫൈ യുവർ സമൻസ്’ വിഭാഗത്തിലൂടെ പരിശോധന നടത്തുമ്ബോള്‍ ഈ സമൻസ് യഥാർത്ഥമാണെന്ന് സ്ഥിരീകരണവും ലഭിച്ചതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ 50-ാം വകുപ്പിന്റെ 2, 3 ഉപവകുപ്പുകള്‍ പ്രകാരമാണ് സമൻസ് അയച്ചത്. രേഖകളും തെളിവുകളും ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരം നല്‍കുന്നതാണ് രണ്ടാം ഉപവകുപ്പ്; അതിനെ ജുഡീഷ്യല്‍ നടപടിക്രമത്തിനോട് തുല്യമായി കണക്കാക്കുന്നതാണ് മൂന്നാം ഉപവകുപ്പ്. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന മുഖ്യമന്ത്രിയുടെ മകനെതിരെ കൂടുതൽ നടപടികൾ കൈകൊണ്ടിട്ടുണ്ടോ എന്ന വിവരം വ്യക്തമല്ല. മുഖ്യമന്ത്രിയും ബിജെപി കേന്ദ്ര നേതൃത്വവും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം കേസിൽ അട്ടിമറി നടന്നിട്ടു ഉണ്ടാകാനുള്ള സാധ്യതയും രാഷ്ട്രീയ കേന്ദ്രങ്ങൾ ചർച്ചയാക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക