സംസ്ഥാനത്തെ സൈബർ പൊലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം ഏറ്റെടുത്ത് പൊലീസ് ആസ്ഥാനത്തെ എഡി.ജി.പി ശ്രീജിത്ത് ഇറക്കിയ ഉത്തരവിനെതിരെ ഐ.പി.എസ് ഉദ്യോഗസ്ഥർക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. ഇത്തരം ഒരു ഉത്തരവ് ഇറക്കാൻ എഡി.ജി.പിക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്.ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രൊസീഡിംഗ്സ് അല്ല. ആയതിനാല്‍ ഈ സുപ്രാധാന ഉത്തരവ് സംസ്ഥാന പൊലീസ് ചീഫ് കണ്ടിട്ടുണ്ടോ എന്നതും സംശയകരമാണ്. ഇനി സംസ്ഥാന പൊലീസ് മേധാവിയുടെ അറിവോടെ ആണെങ്കില്‍, സംസ്ഥാന പൊലീസ് ചീഫിനെ ശ്രീജിത്ത് തെറ്റിധരിപ്പിച്ചതായി തന്നെ കണക്കാക്കേണ്ടി വരുമെന്നതാണ് നിലവിലെ അവസ്ഥ.
പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എന്നുപറയുന്നത് ഡി.ജി.പിയുടെ സ്റ്റാഫ് ഓഫീസറാണ്. സ്വതന്ത്രമായി ഓർഡർ ഇറക്കാൻ ഒരു കാരണവശാലും ആ ഉദ്ദ്യോഗസ്ഥന് പറ്റുകയില്ല. അഡ്മിനിസ്ട്രേഷൻ എ.ഡി.ജി.പിക്ക് പുറമെ ഐ.ജി, ഡി.ഐ.ജി, എട്ട് എസ്.പിമാർ ഉള്‍പ്പെടെ, പൊലീസ് ആസ്ഥാനത്തുള്ള 11 ഉന്നത ഉദ്യോഗസ്ഥരും ഡി.ജി.പിയുടെ സ്റ്റാഫ് ഓഫീസർമാരാണ്. ഇവർക്കും ഒരിക്കലും സ്വതന്ത്ര പ്രവർത്തനം സാധ്യമല്ല. ഇവർ ഇറക്കുന്ന ഉത്തരവുകള്‍ എല്ലാം തന്നെ ഡി.ജി.പിയുടെ ഉത്തരവിൻ്റെ ഭാഗമായോ, ഡിജിപിക്ക് വേണ്ടിയോ ആയിരിക്കണം എന്നതാണ് രീതി. അതാണിപ്പോള്‍ ശ്രീജിത്ത് ലംഘിച്ചിരിക്കുന്നത്.
മുൻപ് ക്രമസമാധാന ചുമതലയുളള എ.ഡി.ജി.പി ഇറക്കിയ ഒരു ഉത്തരവ് അന്നത്തെ സ്റ്റേറ്റ് പൊലീസ് ചീഫ് ആയിരുന്ന ദർവേഷ് സാഹിബ് ഇടപ്പെട്ട് റദ്ദാക്കിയിരുന്നു. സുപ്രധാന ഉത്തരവുകള്‍ എല്ലാം സംസ്ഥാന പൊലീസ് ചീഫിൻ്റെ അനുവാദത്തോടെ ആകണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഒരു നടപടി അന്ന് പൊലീസ് ചീഫിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. ഈ പശ്ചാത്തലത്തില്‍, എ.ഡി.ജി.പി ശ്രീജിത്ത് ഇറക്കിയ ഉത്തരവും റദ്ദാക്കണമെന്ന ആവശ്യവും സേനക്ക് അകത്ത് നിന്നും ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
എ.ഡി.ജി.പി ശ്രീജിത്തിൻ്റെ ‘കയ്യിലിരിപ്പ് ‘ ശരിക്കും അറിയാവുന്നതിനാല്‍, ദർവേഷ് സാഹിബ് പൊലീസ് ചീഫായിരിക്കെ, കോണ്‍ഫിഡൻഷ്യല്‍ സെക്ഷൻ(ടി ബ്രാഞ്ച് ) ഉള്‍പ്പെടെയുള്ള സുപ്രധാന സെക്ഷനുകളുടെ ചുമതല ശ്രീജിത്തിന് നല്‍കാതെ അന്നത്തെ അഡ്മിനിസ്ട്രേഷൻ ഡി.ഐ.ജി സതീഷ് ബിനോയ്ക്ക് കൈമാറുകയാണുണ്ടായത്. ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവും പൊലീസ് ചീഫ് ഇറക്കിയിരുന്നു.എന്നാല്‍, ദർവേഷ് സാഹിബ് സർവ്വീസിൻ നിന്നും വിരമിച്ച പശ്ചാത്തലത്തില്‍, പൊലീസ് ആസ്ഥാനത്തെ പുതിയ ശക്തി കേന്ദ്രമാകാനാണ് ശ്രീജിത്ത് നിലവില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നീണ്ട കാലത്തെ ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ് കേരളത്തില്‍ എത്തിയ പുതിയ പൊലീസ് ചീഫ് രവത ചന്ദ്രശേഖറിൻ്റെ ‘പരിമിതികള്‍’ മുതലാക്കി സുപ്രധാന വകുപ്പുകള്‍ എല്ലാം കൈപ്പിടിയില്‍ ഒതുക്കാൻ നടത്തുന്ന നീക്കങ്ങളും അതിൻ്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.ഇതിന് ഉന്നതരായ രണ്ട് വ്യക്തികളുടെ വഴിവിട്ട പിന്തുണയും ശ്രീജിത്തിന് ലഭിക്കുന്നുണ്ട്. അതിൻ്റെ ഭാഗമായാണ് സൈബർ പൊലീസ് സ്റ്റേഷനുകളുടെ ചുമതല തന്ത്രപൂർവ്വം ശ്രീജിത്ത് ഇപ്പോള്‍ സ്വന്തം കീഴിലാക്കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
സൈബർ ഓപ്പറേഷൻ്റെ ചുമതല നല്‍കേണ്ടത് ഐ.ജി റാങ്കിലുള്ള ഉദ്ദ്യോഗസ്ഥനാണെന്നിരിക്കെ, അങ്ങനെ ചുമതല മാറ്റി നല്‍കാതെ എ.ഡി.ജി.പി ശ്രീജിത്തിന് തന്നെ നല്‍കിയതും ഈ വഴിവിട്ട സ്വാധീനം മൂലമാണെന്നാണ് ആക്ഷേപം. ഇതിന് പിന്നിലെ മറ്റ് ‘അജണ്ടകള്‍’ താമസിയാതെ തന്നെ പുറത്തുവരാനും സാധ്യത ഏറെയാണ്.മുഖ്യമന്ത്രി ഇടപെട്ട് ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റിയ ശ്രീജിത്തിന് പൊലീസ് ആസ്ഥാനത്ത് സൂപ്പർ പവറാകാനുള്ള ‘സാഹചര്യം’ ആരാണ് ഉണ്ടാക്കിയതെന്ന ചോദ്യം സി.പി.എമ്മിനകത്തും ഉയർന്നു കഴിഞ്ഞു. ഇക്കാര്യത്തില്‍ മന്ത്രിമാർക്ക് ഉള്‍പ്പെടെ കടുത്ത അതൃപ്തി ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ശബരിമല സ്വർണ്ണക്കടത്ത് കേസ് നിർണ്ണായകമാകും
ശബരിമല സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൻ്റെ പശ്ചാത്തലത്തില്‍, എ.ഡി.ജി.പി ശ്രീജിത്തിൻ്റെ മൊഴിയും അന്വേഷണ സംഘത്തിന് ഇനി രേഖപ്പെടുത്തേണ്ടതായി വരും. കാരണം, ഉണ്ണികൃഷ്ണൻ പോറ്റി പൊലീസ് ആസ്ഥാനത്ത് എത്തിയാണ് ശ്രീജിത്തിനെ ഷാള്‍ അണിയിച്ച് ആദരിച്ചിരിക്കുന്നത്. ഇങ്ങനെ ആദരിക്കാൻ എന്ത് മഹാകാര്യമാണ് പോറ്റിക്ക് ശ്രീജിത്ത് ചെയ്ത് കൊടുത്തത് എന്നത് എന്തായാലും അദ്ദേഹത്തിന് വിശദീകരിക്കേണ്ടതായി വരും.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇമെയില്‍ വിശദാംശങ്ങളും വാട്സ് ആപ്പ്, കോള്‍ ഡീറ്റെയില്‍സ് ( CDR) തുടങ്ങുയവയും ഈ അന്വേഷണത്തില്‍ നിർണ്ണായകമാകുമെന്നിരിക്കെ, സൈബർ ഓപ്പറേഷൻ മേധാവിയുടെ ചുമതലയില്‍ ശ്രീജിത്ത് തുടരുന്നത് അന്വേഷണം അട്ടിമറിക്കാൻ ഇടയാക്കുമോ എന്ന ചോദ്യത്തിന് സർക്കാരാണ് മറുപടി പറയേണ്ടത്. ഇക്കാര്യം അഭിഭാഷകർ ഉള്‍പ്പെടെയുള്ളവർ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് ലഭിക്കുന്ന സൂചന.

















