ശബരിമലയിലെ സ്വർണപ്പാളി ബംഗളൂരുവില്‍ മാത്രമല്ല ചെന്നൈയിലും എത്തിച്ച്‌ പ്രദർശനം നടത്തിയതായി വിവരം. 2019ല്‍ നടന്ന ചടങ്ങിന്റെ ഭാഗമായി നടൻ ജയറാമും ചെന്നൈയിലെത്തിയിരുന്നു. ശബരിമല അയ്യപ്പന്റെ നടയും കട്ടളപ്പടിയും ആണെന്ന് പറഞ്ഞാണ് സ്‌പോണ്‍സർമാരില്‍ ഒരാളായ ഉണ്ണികൃഷ്‌ണൻ പോറ്റി ചെന്നൈയില്‍ പ്രദർശനം സംഘടിപ്പിച്ചത്. ഉണ്ണികൃഷ്‌ണൻ പോറ്റി ക്ഷണിച്ചിട്ടാണ് എത്തിയതെന്ന് ജയറാം അന്ന് നടത്തിയ വാർത്താസമ്മേളനത്തില്‍ പറയുന്നുണ്ട്.

‘എന്റെ സന്തോഷം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാകുന്നില്ല. കഴിഞ്ഞ 45 വർഷമായി മുടങ്ങാതെ ശബരിമലയിലെത്തുന്ന ഒരു ഭക്തനാണ് ഞാൻ. മകരവിളക്ക് സമയത്ത് ക്ഷേത്രത്തില്‍ പോകുമ്ബോള്‍ സ്ഥിരമായി കാണുന്ന മുഖങ്ങളാണ് ഉണ്ണി, ഗോവർദ്ധൻ എന്നിവർ. അയ്യപ്പന്റെ നട പുതുക്കിപ്പണിയുകയാണെന്ന് അവർ എന്നോട് പറഞ്ഞിരുന്നു. ഇവരാണത് സ്‌പോണ്‍സർ ചെയ്‌തത്.ക്ഷേത്രത്തിന്റെ നട സ്വർണംപൂശിയ ശേഷം ശബരിമലയിലേക്ക് തിരികെ കൊണ്ടുപോകുന്നതിന് മുമ്ബ് ചങ്ങനാശേരിയില്‍ വച്ച്‌ അത് കണ്ട് പ്രാർത്ഥിക്കാനായി. ഇപ്പോള്‍ ക്ഷേത്രത്തിന്റെ കട്ടളപ്പടി പൂർണമായും സ്വർണത്തില്‍ പൊതിഞ്ഞ് ശബരിമലയിലേക്ക് കൊണ്ടുപോകാൻ പോവുകയാണ്. ചെന്നൈയില്‍ വച്ച്‌ ഇന്ന് അതിന്റെ ആദ്യ പൂജ ചെയ്യാനുള്ള ഭാഗ്യം ഇവരെനിക്ക് തന്നു. ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യമാണ്. ഇത് ഞാനൊരിക്കലും മറക്കില്ല’- ഇങ്ങനെയാണ് അന്നത്തെ വാർത്താസമ്മേളനത്തില്‍ ജയറാം പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ജയറാം പ്രതികരണവുമായി രംഗത്തെത്തി. ‘ഞാനും വീരമണിരാജുവും അന്നുണ്ടായിരുന്നു. അദ്ദേഹം പാട്ട് പാടിയിരുന്നു. അയ്യപ്പനായിട്ട് തന്ന മഹാഭാഗ്യമെന്നാണ് ഞാൻ കരുതുന്നത്. അമ്ബത്തൂരില്‍ ഇത് നിർമിച്ച ഫാക്‌ടറിയിലെ ഒരു മുറിയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ശേഷം ഞാൻ അഭ്യർത്ഥിച്ചത് പ്രകാരം ഇതിന്റെ ചില ഭാഗങ്ങള്‍ എന്റെ വീട്ടിലേക്ക് കൊണ്ടുവന്ന് പൂജാമുറിയില്‍ വച്ച്‌ കർപ്പൂരം കത്തിച്ച ശേഷമാണ് ശബരിമലയിലേക്ക് കൊണ്ടുപോയത്. ഇതിന് മുമ്ബും സ്വർണം പൂശി ശബരിമലയിലേക്ക് തിരിച്ച്‌ കൊണ്ടുപോകുന്ന പല വസ്‌തുക്കളും പൂജ നടത്തിയപ്പോള്‍ ഉണ്ണികൃഷ്‌ണൻ പോറ്റി എന്നെ വിളിച്ചിട്ടുണ്ട്. ഞാനതിലെല്ലാം പങ്കെടുത്തിട്ടുമുണ്ട്’ – ജയറാം ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയില്‍ നിന്ന് സ്വർണം പൂശാനായി കൊടുത്തുവിട്ട വസ്‌തുക്കള്‍ ഉണ്ണികൃഷ്‌ണൻ പോറ്റി പല സ്ഥലങ്ങളില്‍ എത്തിച്ച്‌ പ്രദർശനം നടത്തി പണംപിരിച്ചു എന്നതിന്റെ തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കിളിമാനൂർ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്‌ണന്റെ ഇടപാടുകളില്‍ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തല്‍. ഇതിന്റെ ഭാഗമായി നാളെ ഇയാളെ ചോദ്യം ചെയ്യും. സിനിമാ താരങ്ങളെ ഉള്‍പ്പെടെ മറയാക്കിയാണ് ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക