യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്എ) പ്രസിഡന്റായിരുന്ന ജാസ്മിന് ഷാ വിദേശത്തുനിന്ന് ഹവാലപ്പണം കടത്തിയെന്ന പരാതിയിലും ഇഡി അന്വേഷണം തുടങ്ങിയതോടെ നഴ്സുമാർക്കിടയില്‍ കടുത്ത ആശയക്കുഴപ്പം. ജാസ്മിൻ ഷായ്ക്കെതിരേ കേന്ദ്ര ഏജൻസി നടപടികളെടുത്ത വാർത്ത പുറത്തുവന്നത് നഴ്സുമാർ ഇപ്പോള്‍ നടത്തുന്ന സമരത്തിന്റെ തന്നെ പ്രഭ കുറച്ചെന്നാണ് ഒരു വിഭാഗം നഴ്സുമാർ പറയുന്നത്. സംഘടനയുടെ പണം നേതാക്കള്‍ തന്നെ വെട്ടിച്ചെന്ന കണ്ടെത്തല്‍ സംഘടനയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
നഴ്സുമാർ സംഘടനയ്ക്കു വരിസംഖ്യയായും മറ്റും നല്‍കിയ പണമാണ് തിരിമറി നടത്തിയതായി ഇഡി കണ്ടെത്തിയിരിക്കുന്നത്. തുക വകമാറ്റി യുഎൻഎയുടെ ഫണ്ട് സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടി വക മാറ്റി ചെലവഴിച്ചെന്നു കണ്ടെത്തിയ ഇഡി കഴിഞ്ഞ ദിവസം ജാസ്മിൻഷായുടെയും കൂട്ടാളികളുടെയും സ്വത്ത് വകകള്‍ കണ്ടുകെട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഹവാലപ്പണം കടത്തിയെന്ന ആരോപണത്തിലും അന്വേഷണം തുടങ്ങിയിരിക്കുന്നത്. സർക്കാരിനെതിരേ സെക്രട്ടേയറ്റ് പടിക്കല്‍ നടത്തിവന്ന സമരം സർക്കാർ ശമ്പളം പരിഷ്കരണം നടത്തിയെന്ന പ്രഖ്യാപനം നടത്തിയതിനു തൊട്ടുപിന്നാലെ അവസാനിപ്പിച്ചതിനെതിരെയും ഒരു വിഭാഗം നഴ്സുമാർക്ക് അതൃപ്തിയുണ്ട്.
എന്തിനു സമരം നിർത്തി?
സർക്കാർ വർധിപ്പിച്ച നിരക്കിനെ സംഘടന അംഗീകരിച്ചിട്ടില്ല. പിന്നെന്തിനാണ് സർക്കാരിനെതിരേയുള്ള സമരം നിർത്തിയെന്നാണ് ഇവർ ചോദിക്കുന്നത്. ജാസ്മിൻ ഷായ്ക്കെതിരേ കേസുകള്‍ നിലവിലുള്ളതിനാല്‍ അതില്‍ പിടിവീഴുമെന്നതുകൊണ്ടാണ് സർക്കാരിനെതിരേയുള്ള സമരം പെട്ടെന്നു നിർത്തിയതെന്നാണ് ഉയരുന്ന ആരോപണം. സർക്കാരിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ റാലിയെ സമരക്കാർ കൂവി വിളിച്ചു പരിഹസിച്ചതിന്റെ പ്രശ്നം തീർക്കാൻ ഉടൻ റിയാസിനെ പുകഴ്ത്തി ജാസ്മിൻ ഷാ രംഗത്തുവന്നതും ഇതേ കാരണംകൊണ്ടാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ചില സ്വകാര്യ ആശുപത്രില്‍ മാത്രം തെരഞ്ഞുപിടിച്ചു സമരം നടക്കുന്നതിലും പലരും അതൃപ്തിയിലാണ്. ഇതിനിടെ, സമരത്തിലുണ്ടായിരുന്ന കൂടുതല്‍ പേർ തിരികെ ജോലിയില്‍ പ്രവേശിച്ചു തുടങ്ങിയതും നേതൃത്വത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്.കോവിഡ് കാലത്തു വിവിധ ഗള്ഫ് രാജ്യങ്ങളില് കുടുങ്ങിയ നഴ്സുമാരെ നാട്ടിലെത്തിക്കുന്നതിന്റെ പേരില് കോടികള് സമാഹരിച്ചെന്നാണു ജാസ്മിൻ ഷായ്ക്കെതിരേയുള്ള ഒരു പരാതി. കൊച്ചി പറവൂര് സ്വദേശി എം.ആര്. അജയനാണു ജാസ്മിന് ഷായുടെ ഹവാല കള്ളപ്പണ ഇടപാടുകള് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നേരത്തേ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്ക്കു പരാതി നല്കിയത്.
30 കോടിയെന്ന് പരാതി: സൗദി അറേബ്യ ഉള്പ്പെടെ ഗള്ഫ് രാജ്യങ്ങളില്നിന്നു സമാഹരിച്ച തുക ഉപയോഗിച്ചു ജാസ്മിന് ഷാ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില് 30 കോടിയുടെ വസ്തുവകകള്‍ വാങ്ങിയെന്നു പരാതിയില് പറയുന്നു. കൊച്ചി നെട്ടൂര് സ്വദേശി മുഹമ്മദ് അലിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെയും മലപ്പുറം സ്വദേശികളായ ഷമീര്, അഷ്റഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ട്രാവല്സിന്റെയും പേരുകളിലാണ് നഴ്സുമാരെ നാട്ടിലെത്തിക്കുന്നതിനുള്ള ഡോക്യുമെന്റേഷനുകള് നടത്തിയത്.
ഇതിലൂടെ കോടികളുടെ ഹവാല ഇടപാടുകള് നടന്നെന്നും അനധികൃത പണശേഖരണവും വിനിയോഗവും സംബന്ധിച്ചു വിശദമായ അന്വേഷണം വേണമെന്നും ഇഡിക്കു നല്കിയ പരാതിയില് ചൂണ്ടിക്കാട്ടുന്നു. കരുവന്നൂര് സഹകരണ ബാങ്ക് തട്ടിപ്പില് ആരോപണം നേരിട്ട മുന് എംഎല്എ എം.കെ. കണ്ണനുമായി ജാസ്മിന് ഷായ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും പരാതിക്കാരന് ആരോപിച്ചിരുന്നു. ജാസ്മിന് ഷായുടെ ഹവാല ഇടപാടില് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിലും എം.ആര്. അജയന് ഹര്ജി നല്കിയിട്ടുണ്ട്.
1.44 കോടിയുടെ ഫണ്ട് വെട്ടിപ്പ്: യുഎന്എ ഫണ്ട് തട്ടിപ്പുകേസില് ജാസ്മിന് ഷായുടെയും കൂട്ടാളികളുടെയും സ്വത്തുക്കള് ഇഡി കണ്ടുകെട്ടിയിരുന്നു. ജാസ്മിന് ഷായ്ക്കു പുറമെ ഭാര്യ ഷബ്ന, അസോസിയേഷന് മുന് ഭാരവാഹികളായ ബിബിന് എന്. പോള്, ഷോബി ജോസഫ് എന്നിവരുടെ അഞ്ച് വസ്തുവകകളും നാല് ഫിക്സ്ഡ് ഡെപ്പോസിറ്റുകളും ഉള്പ്പെടെ ഏകദേശം 1.44 കോടിയുടെ സ്വത്തുക്കളാണു കണ്ടുകെട്ടിയത്. മലപ്പുറം, പാലക്കാട്, തൃശൂര്, ഇടുക്കി ജില്ലകളിലെ ഭൂമിയും ഫ്ലാറ്റുകളും കണ്ടുകെട്ടി.അസോസിയേഷന്റെ പണം വ്യക്തിപരമായ ആവശ്യങ്ങള്ക്കും ആഡംബരവസ്തുക്കള് വാങ്ങാനും ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണു നടപടി. ഈ കേസില് ഇഡിയുടെ വിശദമായ അന്വേഷണം പുരോഗമിക്കുന്നുണ്ട്. അതേസമയം, ഇഡിയെ ഉപയോഗിച്ചു തങ്ങളെ ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് ജാസ്മിൻ ഷാ പ്രതികരിച്ചു.

















