കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി കൊമ്ബുകോർത്ത് സഹ എംഎല്‍എമാർ. പാർലമെന്ററി പാർട്ടി യോഗങ്ങള്‍ വിളിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു തർക്കം. വിഡി സതീശനെതിരെ പാർട്ടിക്കുള്ളില്‍ തന്നെ നീരസം പുകയുന്നതിനിടെയാണ് അദ്ദേഹത്തിനെതിരെ ചില എംഎല്‍എമാരും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

പാർലമെന്ററി പാർട്ടി യോഗം തുടങ്ങിയതിനു പിന്നാലെ തന്നെ എംഎല്‍എമാർ പ്രതിഷേധ സ്വരമുയർത്തി. ചെറു പ്രസംഗത്തിനു പിന്നാലെ കെപിസിസി പ്രസി‍ഡന്റ് സണ്ണി ജോസഫ് യോഗം അവസാനിക്കുകയാണെന്നു പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാവ് പ്രിന്റു മഹാദേവ് ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ ഭീഷണി പരാമർശത്തില്‍ പൊലീസ് നിഷ്ക്രിയത്വത്തിനെതിരായ പ്രതിഷേധത്തില്‍ തനിക്കും വിഡി സതീശനും പങ്കെടുക്കണമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം യോഗം പെട്ടെന്നു അവസാനിക്കുന്നതായി പ്രഖ്യാപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഇത് ചില എംഎല്‍എമാരെ ചൊടിപ്പിച്ചു. യോഗം പെട്ടെന്നു നിർത്തി വയ്ക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തെ അവർ ചോദ്യം ചെയ്തു. സി ആർ മഹേഷ് (കരുനാഗപ്പള്ളി), മാത്യു കുഴല്‍നാടൻ (മുവാറ്റുപുഴ) എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെന്നു ചില എംഎല്‍എമാർ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. പതിവായി പാർലമെന്ററി പാർട്ടി യോഗം വിളിക്കുന്നതില്‍ നേതൃത്വം തികഞ്ഞ പരാജയമാണെന്നു എംഎല്‍എമാർ വിമർശനമുന്നയിച്ചു. വിഡി സതീശൻ പാർലമെന്ററി പാർട്ടി യോഗം വിളിക്കുന്ന രീതിയേയും എംഎല്‍എമാർ വിമർശനവിധേയമാക്കി.

ചില എംഎല്‍എമാർ യോഗം പെട്ടെന്നു അവസാനിപ്പിക്കുന്നതിനെ എതിർത്തു. യോഗം നിർത്താനുള്ള നേതൃത്വത്തിന്റെ തീരുമാനത്തെ അവർ ചോദ്യം ചെയ്തു .കഴിഞ്ഞ നാലര വർഷത്തിനിടെ പാർലമെന്ററി പാർട്ടി രണ്ടോ മൂന്നോ തവണ മാത്രമേ യോഗം ചേർന്നിട്ടുള്ളൂ. അത്തരം യോഗത്തില്‍ നടന്ന ചർച്ചകള്‍ ഫലമില്ലാതെ വെട്ടിച്ചുരുക്കി. അതുകൊണ്ടാണ് യുഡിഎഫിന്റെ ഫ്‌ളോർ മാനേജ്‌മെന്റ് ആവർത്തിച്ച്‌ പരാജയപ്പെട്ടത് എന്നും ആരോപണം ഉയർന്നു. നിയമസഭയില്‍ 20 കോണ്‍ഗ്രസ് അംഗങ്ങള്‍ മാത്രമുള്ളപ്പോള്‍ പോലും പാർലമെന്ററി പാർട്ടി യോഗം വിളിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് തവണ മാത്രമാണ് പാർലമെന്ററി പാർട്ടി യോഗങ്ങള്‍ നടന്നത്. ഇവിടെയല്ലെങ്കില്‍ മറ്റെവിടെയാണ് നമ്മള്‍ പ്രശ്നങ്ങള്‍ ഉന്നയിക്കേണ്ടത് എന്ന ചോദ്യം പ്രതിഷേധക്കാർ ഉയർത്തി.

യോഗത്തില്‍ സംഘർഷാന്തരീക്ഷം ഉടലെടുത്തതോടെ വിഡി സതീശൻ ഇടപെട്ടു. ‘മതി, മതി, ഇനി സംസാരിക്കേണ്ട’- എന്നു അദ്ദേഹം തുറന്നടിച്ചത് കൂടുതല്‍ പ്രകോപിപ്പിച്ചതായി എംഎല്‍മാരോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. വിഡി സതീശന് അഹങ്കാരമാണെന്നു എംഎല്‍എമാർ കുറ്റപ്പെടുത്തി. തുടർന്നു സംസാരിച്ചാല്‍ എന്ത് നടപടിയെടുക്കുമെന്നും കാണട്ടേയെന്നും അവർ നേതൃത്വത്തെ വെല്ലുവിളിച്ചു. ഒടുവില്‍ മുതിർന്ന നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അതിനിടെ ഈ വിഷയത്തിൽ പ്രതികരിക്കാൻ വി ഡി സതീശൻ തയ്യാറായില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക