പേരാമ്ബ്രയില്‍ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്ബില്‍ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി. ടി സിദ്ദിഖ് എംഎല്‍എ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീണ്‍ കുമാർ പറഞ്ഞത്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മൂക്കിന്റെ പൊട്ടല്‍ കണ്ടെത്തിയത്. പിന്നാലെയാണ് അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഷാഫിക്ക് 5 ദിവസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചു.
സംഘർഷത്തില്‍ ഡിവൈഎസ്പി അടക്കമുള്ള പൊലീസുകാർക്കും പരിക്കുണ്ട്. പേരാമ്ബ്ര സികെജിഎം കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായി യുഡിഎഫും ഡിവൈഎഫ്‌ഐയും നടത്തിയ പ്രകടനങ്ങള്‍ക്കിടെയാണ് പേരാമ്ബ്ര ടൗണില്‍ സംഘർഷമുണ്ടായത്. പൊലീസ് നടത്തിയ കണ്ണീർവാതക പ്രയോഗത്തിലും ലാത്തിച്ചാർജിലും ഷാഫി പറമ്ബില്‍ എംപി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഷാഫിയെ മർദിച്ചതിനെ തുടർന്ന് കോണ്‍ഗ്രസ് പ്രവർത്തകർ രാത്രി വൈകിയും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്.
അണപൊട്ടി രാത്രി പ്രതിഷേധം; കേരളമെങ്ങും ഷാഫി വികാരം
തലസ്ഥാനത്ത് ഷാഫിക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്തിറങ്ങി. സെക്രട്ടേറിയറ്റ് മാർച്ചില്‍ വൻ സംഘർഷമുണ്ടായി. പിന്നാലെ ലാത്തിചാർജ്. കൊല്ലത്തും രാത്രി ഏറെ വൈകി പ്രവർത്തകർ പ്രകടനും ഉപരോധങ്ങളും നടത്തി. ചവറയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചു. കരുനാഗപ്പള്ളിയില്‍ ഹൈവെ ഉപരോധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
ആലപ്പുഴയില്‍ രാത്രി പത്തോളം പ്രവർത്തകർ പ്രതിഷേധവുമായി ദേശീയ പാതയിലേക്കെത്തി. കളർകോട് ജംഗ്ഷനില്‍ ദേശീയപാത ഉപരോധിച്ച പ്രവർത്തകർ വാഹനങ്ങള്‍ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. ആലപ്പുഴ ഹൈവേ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിപ്പിച്ചു. സമരം ഒരു മണിക്കൂറോളം നീണ്ടു. പ്രവർത്തകരെ പോലിസ് ബലമായി അറസ്റ്റ് ചെയ്തു നീക്കി.
എറണാകുളത്ത് കളമശ്ശേരി എച്ച്‌എംടി ജംഗ്ഷനിലും ആലുവയിലും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.എറണാകുളം നഗരത്തില്‍ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പെരുമ്ബാവൂരിലും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു.
തൊടുപുഴയിലും പ്രതിഷേധവുമായി പ്രവർത്തകർ തെരുവിലിറങ്ങി. തൃശ്ശൂരില്‍ പ്രവത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പാലക്കാട് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം നടന്നത്. വയനാട്ടിലെ മാനന്തവാടിയില്‍ പ്രവർത്തകർ റോഡ് ഉപരോധിച്ചു.

















