നാലര വയസ്സുള്ള സ്വന്തം മകനെ ചട്ടുകം ചൂടാക്കി കാലില്‍ പൊള്ളലേല്‍പിച്ച യുവതി അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കായംകുളത്തിനു സമീപം കണ്ടല്ലൂർ വടക്ക് പുതിയവിള അംബികാ ഭവനത്തില്‍ നിധി (31)യാണ് അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് സൈനികനാണ്. നിക്കറില്‍ മലമൂത്ര വിസർജനം നടത്തിയതിനുള്ള ശിക്ഷയായാണ് യുവതി മകനെ പൊള്ളലേല്‍പ്പിച്ചത്.

കഴിഞ്ഞ 20നാണ് സംഭവം. കുട്ടി എല്‍കെജി വിദ്യാർഥിയാണ്. സൈനികനായ പിതാവ് ജോലിസ്ഥലത്താണ്. കുട്ടിയും അമ്മയും മുത്തശ്ശിയുമാണു വീട്ടിലുള്ളത്. പൊള്ളലേറ്റ കുട്ടിയെ അമ്മയും മുത്തശ്ശിയും ചേർന്നു വേലഞ്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. കുട്ടി ചൂടുള്ള ദോശക്കല്ലില്‍ അറിയാതെ ഇരുന്നപ്പോള്‍ പൊള്ളലേറ്റതാണെന്നാണ് അമ്മ ഡോക്ടറോടു പറഞ്ഞത്. സംശയം തോന്നിയ ഡോക്ടർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് നിധിയുടെ ഭർത്താവിന്റെ അമ്മ കുട്ടിയെ നിധി പൊള്ളലേല്‍പ്പിക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തിയത്. തുടർന്ന്, മുത്തശ്ശി പരാതി എഴുതി നല്‍കുകയും ചെയ്തു. മുത്തശ്ശിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും ചെയ്തു.

ചൈല്‍ഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അമ്മയെ അറസ്റ്റ് ചെയ്തത്. എസ്‌എച്ച്‌ഒ സി.അമലിന്റെ നിർദേശാനുസരണം എസ്‌ഐ ശ്രീകുമാർ, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സനല്‍കുമാർ, ജസീല, അർച്ചന എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഹരിപ്പാട് കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക