ഗുഡ്ലെങ്തില്‍ വന്ന പന്ത് നിലംതൊടും മുന്‍പ് സ്റ്റെപ്പ് ഔട്ട് ചെയ്ത് ബൗണ്ടറിക്ക് മുകളിലൂടെയുള്ള സ്ട്രെയ്റ്റ് ഷോട്ട്. മോന്താലിലെ ടര്‍ഫ്കോര്‍ട്ടിലെ പിച്ചില്‍നിന്ന് ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യ മിഡോണിന് മുകളിലൂടെയാണ് സിക്‌സര്‍ പറത്തിയത്. പന്ത് ബൗണ്ടറിലൈന്‍ കടന്നതിനെക്കാള്‍ വേഗത്തില്‍ അത് വൈറലാവുകയും ചെയ്തു.ചൊക്ലി പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി നടന്ന 20-ട്വന്റി ക്രിക്കറ്റ് മത്സരത്തിലാണ് ഈ രംഗം.
ഉദ്ഘാടനത്തിനെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ബാറ്റുമായി ക്രീസിലേക്ക് പോയപ്പോള്‍ അദ്ഭുതങ്ങളൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യത്തെ ഫുള്‍ടോസ് പന്തുതന്നെ അതിര്‍ത്തി കടത്തിയതോടെ ഗ്രൗണ്ടിലെ അമ്ബരപ്പ് ആവേശത്തിന് വഴിമാറി. വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ചൊക്ലിയുടെ പ്രസിഡന്റ് കേരളത്തിന്റെ പ്രിയതാരമായി.നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാരായ എം.ബി. രാജേഷ്, വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ് തുടങ്ങിയവരൊക്കെ വീഡിയോ പങ്കുവെച്ചതോടെ പ്രസിഡന്റിന്റെ സിക്സര്‍ ഗാലറിയും കടന്ന് പറന്നു. സ്പീക്കര്‍ നേരിട്ട് വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു.

















