തമിഴ് സൂപ്പർ താരം ഇളയ ദളപതി വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) കരൂരില്‍ സംഘടിപ്പിച്ച റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് കുട്ടികളും സ്ത്രീകളുംഉള്‍പ്പെടെ 39 പേരുടെ മരണം സ്ഥിരീകരിച്ചു. 58 പേർ പരുക്കുകളോടെ ആശുപത്രിയികളിലാണ്. ഇവരില്‍ 12 പേരുടെ നില അതീവഗുരുതരമാണെന്നാണ് അറിയുന്നത്.പരിപാടിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
പ്രതീക്ഷിച്ചത് 10000 പേരെ, എത്തിയത് 2 ലക്ഷം ആളുകൾ
പതിനായിരം പേരെ പ്രതീക്ഷിച്ച റാലിയില്‍ രണ്ട് ലക്ഷത്തോളം പേരെത്തിയെന്നാണ് അനൗദ്യോഗിക കണക്ക്. അറുപതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രദേശമാണ് റാലിയ്ക്ക് സജ്ജമാക്കിയത്. വിജയ് കരൂരിലേക്ക് റോഡ് മാര്‍ഗം സഞ്ചരിക്കുമെന്നും ബാനറുകള്‍, ഫ്‌ലെക്സ് ബോര്‍ഡുകള്‍, പ്രസംഗ സംവിധാനം എന്നിവ സ്ഥാപിക്കേണ്ടതുണ്ടെന്നും അനുമതി തേടിക്കൊണ്ട് കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി നല്‍കിയ കത്തില്‍ പറയുന്നു.
താരം വേദിയിലെത്തിയത് 6 മണിക്കൂർ വൈകി
കരൂരില്‍ ശനിയാഴ്ച നടന്ന പരിപാടിയില്‍ വിജയ് എത്തുമെന്നറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയോടെ വിജയ് കരൂരില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും താരം സ്ഥലത്തെത്താൻ കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും വൈകിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.ഉച്ചയോടടുത്ത് ജനബാഹുല്യം രൂപപ്പെട്ടു. 30,000-ത്തോളം ആളുകള്‍ പരിപാടി നടക്കുന്ന സ്ഥലത്ത് തടിച്ചുകൂടി.
കടുത്ത വെയിലിലും മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്
മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പും കനത്ത ചൂടും കാരണം ജനക്കൂട്ടത്തില്‍ പലരും തളർന്നുവീഴാൻ തുടങ്ങുകയായിരുന്നു.വിജയ് എത്തിയതോടെ അദ്ദേഹത്തിന്റെ പ്രചാരണ വാഹനത്തിന് അടുത്തേക്ക് എത്താൻ ആളുകള്‍ ശ്രമം നടത്തി. ഇതിനിടയില്‍ ഇവർ തെന്നിവീണു. ആളുകള്‍ കൂട്ടത്തോടെ വീണതോടെ പലർക്കും ഗുരുതരമായി പരിക്കേറ്റു. പ്രദേശത്ത് നിന്നും ആളുകളെ ആശുപത്രയിലേക്ക് മാറ്റുന്നതടക്കം ദുസ്സഹമായിരുന്നു. സ്ഥലത്തെത്തിയ ആംബുലൻസുകള്‍ക്ക്, കനത്ത ജനക്കൂട്ടം കാരണം പരിക്കേറ്റവരുടെ അടുത്തേക്ക് എത്താനും ആശുപത്രിയിലേക്ക് കൊണ്ടുപോകാനും വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു.
അമിതമായ ജനക്കൂട്ടവും ചൂടും കാരണം ആളുകള്‍ തളർന്നുവീഴുന്നത് ശ്രദ്ധയില്‍പ്പെട്ട വിജയ് പ്രസംഗം പാതിവഴിയില്‍ നിർത്തി. തുടർന്ന്, തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുക്കാൻ തുടങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ജനങ്ങളെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും അധികൃതർക്ക് വീഴ്ച പറ്റിയെന്നും വിമർശനങ്ങള്‍ ശക്തമാണ്. സംഭവത്തില്‍ നടന്‍ വിജയുടെ പാര്‍ട്ടിയായ ടിവികെയ്‌ക്കെതിരെ കേസെടുത്തു. നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. റാലിയുടെ മുഖ്യസംഘാടകനായ ടിവികെയുടെ കരൂര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ വി.പി മതിയഴകനെതിരെയാണ് കേസെടുത്തത്.
ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസ്
ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക ശ്രമം (109), കൊലപാതകമായി കണക്കാക്കാത്ത കുറ്റകരമായ നരഹത്യ (110), മനുഷ്യജീവനോ അവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി( 125ബി) അധികൃതര്‍ നല്‍കിയ ഉത്തരവുകള്‍ പാലിക്കാതിരിക്കല്‍ (223) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ വിജയ്‌ക്കെതിരെയും കേസെടുക്കാനുള്ള നടപടികള്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. എന്നാല്‍ അറസ്റ്റ് ഉടനുണ്ടായേക്കില്ല.

















