വിവാഹ വീട്ടില്‍ നിന്നും ആഭരണങ്ങള്‍ മോഷ്ടിച്ച യുവതി പിടിയിലായി. ബന്ധുവീട്ടില്‍ വിവാഹത്തിനെത്തിയപ്പോഴാണ് 33 കാരിയായ നീതു 10 പവൻ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ചത് മാസങ്ങള്‍ക്ക് മുൻപ് ഭരതന്നൂർ കാവുവിള വീട്ടില്‍ നടന്ന വിവാഹത്തോടനുബന്ധിച്ചാണ് സംഭവം. വിവാഹശേഷം പുതിയ വീട്ടില്‍ 25 ദിവസത്തോളം താമസിച്ചതിന് ശേഷം മടങ്ങിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങള്‍ കാണാനില്ലെന്ന് വീട്ടുകാർ കണ്ടെത്തിയത്. തുടർന്ന് ഓഗസ്റ്റ് 8ന് പാങ്ങോട് പൊലീസില്‍ പരാതി നല്‍കി.

സംഭവത്തെക്കുറിച്ച്‌ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ നീതുവിന്റെ ആഡംബര ജീവിതത്തില്‍ സംശയം തോന്നിയ വീട്ടുകാർ വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് നീതുവിനെ മൂന്ന് തവണ സ്റ്റേഷനിലേക്ക് വിളിച്ച്‌ ചോദ്യം ചെയ്തെങ്കിലും താൻ മോഷണം നടത്തിയിട്ടില്ലെന്ന നിലപാടിലായിരുന്നു യുവതി. എന്നാല്‍, മോഷ്ടിച്ച ആഭരണങ്ങള്‍ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ചതായി പൊലീസിന് വിവരം ലഭിച്ചു.സ്ഥാപനം കണ്ടെത്താൻ അന്വേഷണം നടക്കുന്നതിനിടെ, നീതു നേരിട്ട് സ്ഥാപനത്തിലെത്തി പണയത്തിലുള്ള ആഭരണങ്ങള്‍ വില്‍ക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതിയുടെ ഇടപെടലില്‍ സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാർ ആഭരണങ്ങളുടെ ചിത്രമെടുത്ത് പൊലീസിന് കൈമാറി. ഈ ചിത്രം പരിശോധിച്ച പരാതിക്കാരി തന്റെ മാലയാണെന്ന് തിരിച്ചറിഞ്ഞതോടെ നീതുവിനെ പൊലീസ് കൂടുതല്‍ നിരീക്ഷിക്കാൻ തുടങ്ങി.ഇതിനിടെ, ഭർത്താവ് ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച്‌ നീതു ഒരു ബന്ധുവിനൊപ്പം പാങ്ങോട് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയിരുന്നു. ഈ കേസിന്റെ അന്വേഷണത്തിൻ്റെ ഭാഗമായി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ നീതുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇത്തവണ പൊലീസ് തെളിവുകള്‍ നിരത്തിയതോടെ മറ്റ് നിവർത്തിയില്ലാതെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

പ്രദേശത്തെ ധനകാര്യ സ്ഥാപനങ്ങളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് നീതുവാണെന്ന് പൊലീസ് കണ്ടെത്തിയത്. പാങ്ങോട് എസ്.എച്ച്‌.ഒ ജിനീഷിന്റെ നേതൃത്വത്തില്‍ സി.പി.ഒമാരായ അനീഷ്, നിസാറുദീൻ, ആൻസി, അനുമോഹൻ എന്നിവർ അന്വേഷണത്തില്‍ പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണം പോയ സ്വർണാഭരണങ്ങള്‍ കണ്ടെത്താനുള്ള തുടർനടപടികള്‍ പുരോഗമിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക