മദ്യപിച്ച് വാഹനമോടിക്കുന്നവരെ നേരിട്ട് അറസ്റ്റ് ചെയ്ത് കേസെടുക്കാൻ പോലീസിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുന്ദമംഗലം സ്വദേശി പി.കെ. മെഹബൂബ് നല്‍കിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് തോമസ് പി. ജോസഫിന്റെ ഈ നിർണായക ഉത്തരവ്.നിലവില്‍ പോലീസ് നടത്തുന്ന നടപടികള്‍ ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മദ്യപിച്ച് വാഹനമോടിക്കുന്നവരെ സ്റ്റേഷനിലെത്തിച്ച് രക്തപരിശോധന നടത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുന്ന രീതി അവസാനിപ്പിക്കണം എന്ന് വ്യക്തമാക്കിയ ഹൈക്കോടതി പുതിയ നടപടിക്രമങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്.
ഹൈക്കോടതി നിർദേശിച്ച പുതിയ നടപടിക്രമങ്ങള്‍:
- പോലീസ് ഉദ്യോഗസ്ഥർക്ക് മദ്യപിച്ച് വാഹനമോടിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ കഴിയില്ല.
- രക്തസാംപിള്‍ ശേഖരിച്ച ശേഷം രണ്ട് മണിക്കൂറിനുള്ളില്‍ ഇവരെ വിട്ടയക്കണം.
- രക്തപരിശോധനാ ഫലം ലഭിച്ചതിന് ശേഷം മജിസ്ട്രേറ്റിന് റിപ്പോർട്ട് സമർപ്പിക്കണം.
- മജിസ്ട്രേറ്റിന്റെ അനുമതിയോടെ മാത്രമേ കേസ് രജിസ്റ്റർ ചെയ്യാൻ പാടുള്ളൂ.
മദ്യപിച്ച് വാഹനമോടിക്കല്‍, അശ്രദ്ധയോടെയും അലക്ഷ്യമായും വാഹനമോടിക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി ശിക്ഷ രണ്ട് വർഷം മാത്രമാണ്. ക്രിമിനല്‍ നടപടി ചട്ടമനുസരിച്ച്, മൂന്ന് വർഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ കേസെടുക്കാൻ പാടില്ല. ഈ ചട്ടത്തെ അടിസ്ഥാനമാക്കിയാണ് കോടതിയുടെ വിധി.മെഹബൂബിനെതിരെ നിലവിലുള്ള കേസ് റദ്ദാക്കിയ കോടതി, ഇനിമുതല്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാൻ പാടുള്ളൂ എന്നും വ്യക്തമാക്കി.

















