പാലാ നഗരസഭയിൽ കേരള കോൺഗ്രസിനുള്ളിൽ രൂപപ്പെട്ട ഭിന്നത മൂലം ഷാജു തുരുത്തനെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ഇടതുമുന്നണിക്ക് സാധിച്ചത് വിദേശത്തായിരുന്ന സിപിഐ വനിതാ കൗൺസിലർ നാട്ടിലേക്ക് എത്താൻ തയ്യാറായത് മൂലമാണ്. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ സന്ധ്യ വിദേശത്തേക്ക് മടങ്ങുകയും ചെയ്തു. സന്ധ്യ വിദേശത്തേക്ക് മടങ്ങി അല്പദിവസം കഴിഞ്ഞപ്പോൾ ഇവരുടെ പിതാവ് മരണമടയുകയും ആ സമയത്ത് നാട്ടിലേക്ക് എത്താൻ സന്ധ്യ കേരള കോൺഗ്രസ് നേതാക്കളെയും, മുന്നണിയിലെ സഹകൗൺസിലർമാരെയും ബന്ധപ്പെട്ടുവെങ്കിലും പലരും ഫോൺ എടുക്കാൻ കൂട്ടാക്കിയില്ല എന്ന് ആക്ഷേപം ഉണ്ടായി.
ഇതിനിടയിൽ സന്ധ്യയുടെ ഭർത്താവ് വിദേശത്ത് വെച്ച് മരണമടയുകയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള സാഹചര്യം ഇല്ലാതെ വരികയും ചെയ്ത ദുഃഖകരമായ അവസ്ഥയും ഉണ്ടായി. ഈ പ്രതിസന്ധിഘട്ടങ്ങളിൽ ഒന്നും താൻ നിർണായകഘട്ടത്തിൽ സഹായിച്ച കേരള കോൺഗ്രസ് പാർട്ടിയോ കൗൺസിലർമാരോ തന്റെ ഫോൺ പോലും എടുക്കാൻ കൂട്ടാക്കിയില്ല എന്ന് സന്ധ്യ വെളിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിരുന്നു. ഇത്തരത്തിലേക്ക് നാട്ടിലേക്ക് മടങ്ങി വരാൻ കഴിയാത്ത സാഹചര്യത്തിലാണ് ആർ സന്ധ്യക്ക് ഇപ്പോൾ അയോഗ്യത വന്നിരിക്കുന്നത്. പിതാവ് മരിച്ച വേളയിൽ നാട്ടിലെത്താൻ സാധിച്ചിരുന്നുവെങ്കിൽ സന്ധ്യയ്ക്ക് അയോഗ്യത ഒഴിവാക്കാവുന്ന രീതിയിൽ പുതിയ അവധി അപേക്ഷ നൽകാനുള്ള സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ കാര്യം കഴിഞ്ഞപ്പോൾ ഇവരെ കറിവേപ്പില ആക്കിയ കേരള കോൺഗ്രസ് നേതൃത്വം ഇത്തരം ഒരു നടപടിക്ക് വേണ്ട സഹായങ്ങൾ ഒന്നും അവർക്ക് നൽകിയില്ല എന്ന ആക്ഷേപം അയോഗ്യതയ്ക്ക് പിന്നാലെ ചർച്ചയാകും എന്ന് ഉറപ്പാണ്.
കേരള കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ചട്ടുകമാക്കിയ തങ്ങളുടെ കൗൺസിലർക്ക് അയോഗ്യത വന്നതിൽ സിപിഐക്കും അതൃപ്ത്തിയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പാർട്ടിയുടെ ഏക കൗൺസിലർ അയോഗ്യ ആക്കപ്പെട്ട സംഭവം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സിപിഐക്ക് കനത്ത തിരിച്ചടിയാകും. സംസ്ഥാനതലത്തിൽ പോലും ഇടതുമുന്നണിയിൽ കേരള കോൺഗ്രസ് സിപിഐ ബന്ധം ആടി ഉലഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ ഇത് ഇരു പാർട്ടികളും തമ്മിലുള്ള ഭിന്നിപ്പ് വർദ്ധിപ്പിക്കും എന്ന കാര്യത്തിലും സംശയമില്ല.
പാലാ നഗരസഭയിൽ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് അഞ്ചു വർഷത്തിനിടയിൽ നാല് ചെയർമാൻമാരാണ് അധികാര വീതം വെപ്പിന്റെ ഭാഗമായി ഭരണം കൈയ്യാളിയത്. ഇതേ കാലയളവിൽ തന്നെ മൂന്ന് നഗരസഭ വൈസ് ചെയർപേഴ്സൺമാരും ഉണ്ടായി. അധികാര വീതംവെപ്പും അതിനെ ചൊല്ലിയുള്ള മുന്നണിയിലെയും പാർട്ടികളിലെയും ഭിന്നതകളും അക്ഷരാർത്ഥത്തിൽ ഭരണസ്തംഭനത്തിലേക്കാണ് നഗരസഭയെ നയിച്ചത് എന്നത് ജനങ്ങൾക്കിടയിൽ തന്നെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അതിനാൽ തന്നെ മാണി ഗ്രൂപ്പ് ഭരിക്കുന്ന കേരളത്തിലെ ഏക നഗരസഭ ഇത്തവണ അവർക്ക് കൈവിട്ടു പോകുവാനുള്ള സാധ്യതകളും സജീവമാണ്.

















