അച്ചടക്കനടപടിയുടെ ഭാഗമായി ആഭ്യന്തരവകുപ്പില്‍ നിന്നും 144 പോലീസ് ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശുദ്ധനുണയാണെന്നു കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. ബോധപൂര്‍വം നുണപറഞ്ഞ് സഭയേയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ് അദ്ദേഹം ചെയ്‌തത്.നിയമസഭയില്‍ തെറ്റായ വിവരം നല്‍കിയതിനു മുഖ്യമന്ത്രിക്കെതിരേ സ്‌പീക്കര്‍ക്ക് അവകാശലംഘനത്തിനു നോട്ടീസ് നല്‍കുമെന്നു ചെന്നിത്തല പത്രസമ്മേളനത്തില്‍ അറിയിച്ചു.
2016-ല്‍ അധികാരമേറ്റ ശേഷം ഇതുവരെ 50 ല്‍ താഴെ പോലീസ് ഉദ്യോഗസ്‌ഥരെ മാത്രമാണ് പിരിച്ചുവിട്ടത് എന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. എന്നാല്‍ മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് 144 പേര്‍ എന്നാണ്. ഇത് നുണയും സഭയോടുള്ള അവഹേളനവുമാണ്. പിരിച്ചുവിട്ടു എന്നുപറഞ്ഞ 144 പോലീസ് ഉദ്യോഗസ്‌ഥരുടെ പട്ടിക നിയമസഭയില്‍ വയ്‌ക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. ഇല്ലാത്ത പക്ഷം പറഞ്ഞ ഈ അവകാശവാദം പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയാറാകണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന 2011-2016 കാലഘട്ടത്തില്‍ സേനയ്‌ക്കു മാനക്കേടുണ്ടാക്കിയ 61 പോലീസ് ഉദ്യോഗസ്‌ഥരെയാണ് അച്ചടക്കനടപടിയുടെ ഭാഗമായി പിരിച്ചു വിട്ടത്. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒമ്ബതര വര്‍ഷത്തെ ഭരണകാലയളവില്‍ കടുത്ത ക്രിമിനല്‍ പശ്‌ചാത്തലമുള്ളവരടക്കം 144 പേരെ പിരിച്ചു വിടണമെന്നു ശിപാര്‍ശയുണ്ടായിട്ടും നടപടിയെടുക്കപ്പെട്ട മിക്കവരും സര്‍വീസില്‍ നിന്നു ദീര്‍ഘകാലം വിട്ടുനിന്നവര്‍ മാത്രമാണ്. ക്രിമിനല്‍ക്കേസില്‍പ്പെട്ട ഉദ്യോഗസ്‌ഥരെ പിരിച്ചുവിടാതെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് ചെയ്‌തത്.
മാത്രവുമല്ല, നല്ല ഉദ്യോഗസ്‌ഥരെ മൂലയ്‌ക്കിരുത്തി ക്രിമിനല്‍പശ്‌ചാത്തലമുള്ളവരെ ക്രമസമാധാനപാലന ചുമതല ഏല്‍പിക്കുകയും ചെയ്‌തു. സുപ്രധാന പദവികളില്‍ കളങ്കിതരായ ഉദ്യോഗസ്‌ഥരെയാണ് സര്‍കകാര്‍ ഇതുവരേയും നിയമിച്ചത്.പോലീസ് പരാതി അതോറിറ്റിയില്‍ പോലീസ് ഉദ്യോഗസ്‌ഥനല്ലാത്ത, നിര്‍ദ്ദിഷ്‌ട യോഗ്യതകളുമുള്ള ആളെ അന്വേഷണ ഉദ്യോഗസ്‌ഥനായി നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് 2022 ജൂണില്‍ ഇറങ്ങിയിട്ടും ഇതുവരെയും അത് നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറായിട്ടില്ല.-രമേശ് ചെന്നിത്തല പറഞ്ഞു.

















