സംസ്ഥാനത്ത് ലഹരി വ്യാപനത്തിനെതിരെ സർക്കാർ നടപ്പിലാക്കുന്ന ശക്തമായ പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് പൊതുസമൂഹത്തിന്റെ വലിയ പിന്തുണ. കൊല്ലം വിമലഹൃദയ ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളില്‍ സംഘടിപ്പിച്ച ‘തൂഫാനൊപ്പം എന്റെ വിദ്യാലയം’ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കവെ, ലഹരിമാഫിയക്കെതിരെയുള്ള പോരാട്ടത്തില്‍ പൊതുജനങ്ങളും അണിനിരക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.
‘ഓപ്പറേഷൻ തൂഫാൻ’ എന്ന വിപുലമായ ക്യാമ്പയിനിലൂടെ വെറും ഒരു മാസത്തിനുള്ളില്‍ സംസ്ഥാനത്തുടനീളം 4500 ലഹരി കേസുകള്‍ രജിസ്റ്റർ ചെയ്യുകയും 5600 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി. ഏകദേശം 40 കോടി രൂപയോളം വിപണി വിലവരുന്ന മാരക ലഹരിവസ്തുക്കളാണ് ഈ ചുരുങ്ങിയ കാലയളവില്‍ പൊലീസ് സേന പിടിച്ചെടുത്തത്.
യുവതലമുറയെ ലഹരി എന്ന മഹാവിപത്തില്‍ നിന്നും മോചിപ്പിക്കാൻ വിട്ടുവീഴ്ചയില്ലാത്ത നിരന്തര പ്രവർത്തനങ്ങളാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി രാസലഹരി, ഹൈബ്രിഡ് ലഹരിവസ്തുക്കള്‍ എന്നിവയുടെ വ്യാപനം തടയാൻ നിരീക്ഷണ സംവിധാനങ്ങള്‍ കൂടുതല്‍ കർശനമാക്കും. ഇതിനായി ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ താഴേത്തട്ടിലേക്ക് വരെ വ്യാപിക്കുന്ന പ്രത്യേക പോലീസ് സംവിധാനം ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നവർക്കും അത് വില്‍ക്കുന്നവർക്കും എതിരെ ശക്തമായ വിലങ്ങ് വീഴുമെന്നും, വിവിധ മാർഗ്ഗങ്ങളിലൂടെയുള്ള ലഹരികടത്ത് ഇല്ലാതാക്കാൻ കർശനമായ പരിശോധനകള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















