പൂച്ചക്കാട്ടെ ബോംബെ ഹോട്ടലില്‍നിന്ന് വാങ്ങിയ ഷവർമ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ.പൂച്ചക്കാട്ടെ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സെക്കിയ (13), നഫീസാ മെഹസ (13), നഫീസത്ത് സുള്‍ഫ (13), ഖദീജത്ത് സല്‍ഫ (14), ഖദീജത്ത് സല്‍സാത്ത് (14), റിൻസാ ഫാത്തിമ (14), ആയിഷത്ത് ഷിഫാന (13), ആയിഷ ബഹ്റ (13), സഫാ ഫാത്തിമ (14), നിഫാ ഫാത്തിമ (13), ഫിദാ ഫാത്തിമ (14), സാറാ സഹ്ന (14), മുഹമ്മദ് റിസ്വാൻ (8) എന്നിവർ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സതേടി.

തിങ്കളാഴ്ച രാത്രി 11-ഓടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളില്‍ നാലുപേർ ചൊവ്വാഴ്ച രാവിലെയും 10 പേർ ഉച്ചതിരിഞ്ഞും ആസ്പത്രി വിട്ടു. പള്ളിക്കര പൂച്ചക്കാട് തെക്കുപുറം ജമാഅത്ത് കമ്മിറ്റി നടത്തിയ നബിദിനാഘോഷത്തില്‍ വൊളന്റിയർമാരായിരുന്നു കുട്ടികള്‍. കുട്ടികള്‍ക്ക് സംഘാടകർ ലഘുഭക്ഷണം ഏർപ്പെടുത്തിയിരുന്നു. വിളമ്ബിക്കഴിഞ്ഞപ്പോള്‍ ഭക്ഷണം തികഞ്ഞില്ല. തുടർന്ന് സംഘാടകർ വേദിയുടെ തൊട്ടടുത്തുള്ള ബോംബെ ഹോട്ടലില്‍നിന്ന് ഷവർമ വാങ്ങിനല്‍കുകയായിരുന്നു. കഴിച്ച്‌ അരമണിക്കൂറിനുള്ളില്‍ കുട്ടികള്‍ ചർദിക്കാൻ തുടങ്ങി. സംഘാടകർ എല്ലാവരെയും ഉടൻ ആസ്പത്രിയിലെത്തിച്ചു. ബേക്കല്‍ പോലീസിനെയും പള്ളിക്കര പഞ്ചായത്ത് ആരോഗ്യവിഭാഗത്തെയും വിവരം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടികള്‍ വേദിയിലുണ്ടായിരുന്നത് ആശ്വാസമായി

ആഘോഷവേദിയില്‍തന്നെ കുട്ടികള്‍ തങ്ങിയത് വിഷബാധയുടെ വ്യാപ്തി കുറച്ചുവെന്നാശ്വസിക്കുകയാണ് നാട്ടുകാർ. ഷവർമ കഴിച്ച കുട്ടികള്‍ എല്ലാം രാത്രി 11-ഓടെ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാൻ തുടങ്ങി. ഷവർമ കഴിച്ച കുട്ടികളില്‍ മാത്രം ഒരേ ലക്ഷണങ്ങള്‍ കണ്ടതോടെ സംഘാടകർ അവരെ ഉടൻ ആസ്പത്രിയിലേക്കെത്തിക്കുകയായിരുന്നു. 16-ാം വാർഡ് അംഗം അബ്ബാസ്, ടി.പി. അബ്ദുള്‍ റഹ്മാൻ, അബൂബക്കർ ആവിയില്‍, മൂസ, തയ്യിബ്, ടി.പി. കുഞ്ഞബ്ദുള്ള, അബ്ദുള്‍ റഹ്മാൻ, ഗഫൂർ സാൻഫെർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടികളെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റിയത്.

കരുതല്‍ വേണം, നന്നായി

ജില്ലയില്‍ ഒരിടവേളയ്ക്കുശേഷം ഷവർമ വീണ്ടും വില്ലനായി. പള്ളിക്കര പൂച്ചക്കാട്ടെ ഹോട്ടലില്‍നിന്ന് ഷവർമ കഴിച്ച 14 വിദ്യാർഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 2022 ഏപ്രില്‍ 29-ന് ചെറുവത്തൂരിലെ കൂള്‍ബാറില്‍നിന്ന് ഷവർമ കഴിച്ച കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ സയൻസ് വിദ്യാർഥിനി കരിവെള്ളൂർ പെരളത്തെ ഇ.വി.ദേവനന്ദ മരിച്ച സംഭവം ജില്ലയെ ഞെട്ടിച്ചിരുന്നു.

ദേവനന്ദയ്ക്കൊപ്പം ഷവർമ കഴിച്ച സുഹൃത്തുക്കള്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു.ഈ സംഭവത്തിനുശേഷം ഭക്ഷ്യസുരക്ഷാവകുപ്പ് ഷവർമ തയ്യാറാക്കുന്നതിനും വില്‍ക്കുന്നതിനും 2022 ഓഗസ്റ്റ് 25-ന് മാർഗിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിലെ വ്യവസ്ഥകള്‍ ലംഘിച്ചതാണിപ്പോള്‍ ഭക്ഷ്യവിഷബാധ ആവർത്തിക്കാൻ കാരണം.

ഷവർമ വില്‍ക്കുന്ന ഭക്ഷണശാലകളും ബേക്കറികളും കൂള്‍ബാറുകളും തട്ടുകടകളും ഈ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ് തുടക്കത്തില്‍ ‘ഓപ്പറേഷൻ ഷവർമ’യെന്ന പേരിലുള്‍പ്പെടെ തുടർച്ചയായി പരിശോധന നടത്തി നടപടിയെടുത്തിരുന്നു. എന്നാല്‍ പിന്നീട് ഇതെല്ലാം നിലച്ചു. ഇതോടെ ഭക്ഷ്യവിഷബാധ ആവർത്തിക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക