ഭക്ഷ്യവിഷബാധയെത്തുടർന്ന് രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീക്കാൻ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു.അഹമ്മദാബാദിലെ ചാന്ദ്ഖേഡ സ്വദേശിയായ വിമല്‍ പ്രജാപതിയുടെ മകള്‍ റാഹയുടെ മൃതദേഹമാണ് ശാസ്ത്രീയ പരിശോധനകള്‍ക്കായി പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് വിധേയമാക്കുന്നത്.
ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തില്‍ രണ്ട് മക്കളും മരിക്കുകയും മാതാപിതാക്കള്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാവുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
സംഭവമിങ്ങനെ
ഏപ്രില്‍ ഒന്നിന് സമീപത്തെ കടയില്‍ നിന്ന് വാങ്ങിയ ദോശമാവ് ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണമാണ് കുടുംബം കഴിച്ചത്. ഇതിന് പിന്നാലെ കുടുംബാംഗങ്ങള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു.
ആദ്യ മരണം സംഭവിച്ചത് ഏപ്രില്‍ നാലിനാണ്. മൂന്ന് മാസം പ്രായമുള്ള റാഹയാണ് മരണപ്പെട്ടത്. എന്നാല്‍ അന്ന് മരണകാരണം വ്യക്തമായിരുന്നില്ല.തൊട്ടടുത്ത ദിവസം, ഏപ്രില്‍ അഞ്ചിന് സഹോദരി മിശ്രിയും മരണത്തിന് കീഴടങ്ങി.
നിലവില്‍ കുട്ടികളുടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലാണ്. ഇവരുടെ നില ഇപ്പോഴും ആശങ്കാജനകമായി തുടരുന്നു.
മുലപ്പാല്‍ വഴി വിഷാംശം എത്തിയോ?
മൂന്ന് മാസം മാത്രം പ്രായമുള്ള റാഹ നേരിട്ട് ദോശ കഴിച്ചിരുന്നില്ല. എന്നാല്‍ കുഞ്ഞിന്റെ അമ്മ ദോശ കഴിച്ചിരുന്നു. അമ്മയുടെ ശരീരത്തിലെത്തിയ വിഷാംശം മുലപ്പാല്‍ വഴി കുഞ്ഞിലേക്കും എത്തിയതാണോ എന്ന് പൊലിസ് സംശയിക്കുന്നുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിനാണ് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്.
അന്വേഷണം ഊർജ്ജിതം
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു. ഫോറൻസിക് സംഘം സ്ഥലത്തെത്തി വീട്ടില്‍ നിന്നും ദോശമാവ് വാങ്ങിയ കടയില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു.”മരണകാരണം ഭക്ഷ്യവിഷബാധയാണോ അതോ മറ്റെന്തെങ്കിലും വിഷാംശം ഉള്ളില്‍ ചെന്നതാണോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ വ്യക്തമാകൂ. ദോശമാവ് വിറ്റ കടയുടമയെ ചോദ്യം ചെയ്തു വരികയാണ്,” എന്ന് പൊലിസ് വക്താവ് അറിയിച്ചു.
അഹമ്മദാബാദിലെ ചാന്ദ്ഖേഡ പ്രദേശം ഈ ദുരന്തത്തിന്റെ നടുക്കത്തിലാണ്. പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരോഗ്യ വകുപ്പ് അധികൃതരും പൊലിസും.

















