മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാല്‍ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും വിസ്മയിപ്പിച്ച മഞ്ജു വാര്യർ അന്നും ഇന്നും എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ്. ഇന്ന് മലയാളത്തില്‍ ഏറ്റവും മൂല്യമുള്ള നായികയാണ് മഞ്ജു വാര്യർ.
തൊണ്ണൂറുകളില്‍ മഞ്ജു വാര്യർ പ്രേക്ഷകർക്കിടയിലുണ്ടാക്കിയ തരംഗം ചെറുതല്ല. സാക്ഷ്യം എന്ന സിനിമയിലൂടെയാണ് നടി തുടക്കം കുറിക്കുന്നത്. ദിലീപിനൊപ്പമുള്ള സല്ലാപമാണ് നടിയുടെ കരിയറില്‍ തന്നെ വഴിത്തിരിവായത്. ആദ്യമായി അഭിനയിച്ച സിനിമ സാക്ഷ്യമാണെങ്കിലും നായികയായത് സല്ലാപത്തിലാണ്. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി മാറാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞു. ദിലീപുമായുള്ള വിവാഹത്തെ തുടർന്ന് 1999ൽ മഞ്ജു വാര്യർ അഭിനയരംഗത്ത് നിന്ന് മാറിനിൽക്കുകയായിരുന്നു. 1994 മുതൽ 99 വരെയുള്ള ചെറിയ കാലഘട്ടത്തിനിടയിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് മഞ്ജു മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.
ഇന്ന് മലയാളത്തിന്റെ സ്വന്തം ലേഡീ സൂപ്പർസ്റ്റാറിന് 46 വയസ്സ് തികയുകയാണ്. 1979 സെപ്റ്റംബർ 10ന് ആയിരുന്നു മഞ്ജുവിന്റെ ജനനം. ദിലീപുമായുള്ള വിവാഹമോചനത്തിനു ശേഷം 2014ലാണ് താരം സിനിമ മേഖലയിലേക്ക് തിരികെ എത്തുന്നത്. കുഞ്ചാക്കോ ബോബന് ഒപ്പം അഭിനയിച്ച റോഷൻ ആൻഡ്രൂസ് ചിത്രം ഹൗ ഓൾഡ് ആർ യുവിലൂടെ അഭിനയരംഗത്തേക്ക് തിരികെയെത്തിയ മഞ്ജു വാര്യർ പിന്നീട് തമിഴിൽ രജനീകാന്തിനും, അജിത്തിനു, ധനുഷിനും ഒപ്പം നായിക കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി.














