ക്ഷേത്രോത്സവത്തിന്റെ ഭാഗമായ സദ്യയില്‍ നിന്നുളള ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വയോധികന്‍ മരിച്ചു. പേരാവൂര്‍ പൂവത്തുംകണ്ടി വിജയനാണ് (70) മരിച്ചത്.300ലധികം പേര്‍ ചികിത്സയിലാണ്.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം ഇദ്ദേഹം മരിച്ചത്.
ഏപ്രില്‍ ആറിന് മട്ടന്നൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള കാര പുതിയേടത്ത് മടപ്പുര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുളള സദ്യ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇവര്‍ കണ്ണൂര്‍, തലശേരി, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.
സദ്യ കഴിച്ചവര്‍ക്ക് വയറിളക്കം, പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് അനുഭവപ്പെട്ടത്.സദ്യ കഴിച്ചതിന്റെ തൊട്ടടുത്ത ദിവസം ഉച്ചയോടെയാണ് ആളുകള്‍ ചികിത്സ തേടി ആശുപത്രികളില്‍ എത്തിത്തുടങ്ങിയത്. നിരവധി പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നുണ്ട്.
സദ്യയിലെ പച്ചടിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. പച്ചടിയുടെയും വെള്ളത്തിന്റെയും സാമ്പിളുകള്‍ ആരോഗ്യവകുപ്പ് പരിശോധനയ്‌ക്കായി ശേഖരിച്ചു.
വിജയന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരം നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനാവൂ .മട്ടന്നൂർ മേഖലയില്‍ ക്ഷേത്രങ്ങളില്‍ അന്നദാനം നിർത്തിവയ്‌ക്കാൻ നഗരസഭയുടെ നിർദ്ദേശം.














